സഹോദയ കായികമേള മൂവാറ്റുപുഴയിൽ
1338269
Monday, September 25, 2023 10:43 PM IST
മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ആതിഥേയത്വത്തിൽ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ സെൻട്രൽ കേരള സഹോദയയുടെ കായികമേള നാലുമുതൽ ആറു വരെ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ജോണ് പുത്തൂരാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 110 ഓളം സ്കൂളുകൾ അംഗങ്ങളായ സെൻട്രൽ കേരള സഹോദയയിൽനിന്ന് 100ഓളം സ്കൂളുകളും 3000 ഓളം മത്സരാർഥികളും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ മാറ്റുരയ്ക്കും. 93 ഇനങ്ങളിലാണു മത്സരം.
മൂവാറ്റുപുഴയിൽ ആദ്യമായാണ് സിബിഎസ്ഇ സ്കൂളുകളുടെ ഇത്രയും വലിയ മത്സരം സംഘടിപ്പിക്കുന്നത്. നാലിനു രാവിലെ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരിത്തറ സിഎംഐ പതാക ഉയർത്തും. മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ആറിനു വൈകുന്നേരം നാലിന് മാത്യു കുഴൽനാടൻ എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.