പ്രിയപ്പെട്ട സൈക്കിൾ തിരികെ തരുമോ... ?
1338263
Monday, September 25, 2023 10:42 PM IST
നെഞ്ചു പിടഞ്ഞ് അമൽ
തൊടുപുഴ: പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ടതോടെ നെഞ്ചു പിടഞ്ഞ് അമൽ. പുറപ്പുഴ പോളി ടെക്നിക്ക് ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിയായ അമലിന്റെ ഹീറോ സ്പ്രിന്റ് സൈക്കിളാണ് കഴിഞ്ഞ 19ന് തൊടുപുഴയിൽ നിന്നും മോഷ്ടാവ് കടത്തികൊണ്ടുപോയത്.
കഴിഞ്ഞ നാലു വർഷമായി ഉപയോഗിച്ചിരുന്ന സൈക്കിളാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയതിനു പുറമെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും സൈക്കിൾ ഇന്നും കാണാമറയത്താണ്.
10000 രൂപ മുടക്കിയാണ് അമൽ ഹീറോ സ്പ്രിന്റ് സൈക്കിൾ വാങ്ങിയത്. മൂന്നു വർഷം മുന്പ് പുറപ്പുഴയിലെ ടെക്നിക്കൽ ഹൈസ്കൂളിൽ പഠിക്കാനെത്തിയപ്പോൾ മുതൽ വീട്ടിൽ നിന്ന് സൈക്കിളിലാണ് തൊടുപുഴ ബസ് സ്റ്റാൻഡ് വരെയുള്ള യാത്ര. പിന്നെ ബസിലാണ് പുറപ്പുഴയിലേക്ക് പോകുന്നത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം വ്യാപാര സ്ഥാപനത്തിനു മുന്നിലാണ് പതിവായി സൈക്കിൾ വയ്ക്കുന്നത്. രാവിലെ 8.30ന് വയ്ക്കുന്ന സൈക്കിൾ വൈകുന്നേരം നാലരയ്ക്ക് തിരികെ യെടുക്കും.
പതിവുപോലെ 19നു രാവിലെ ഇവിടെ വച്ച സൈക്കിൾ വൈകുന്നേരം തിരികെയെടുക്കാനെത്തിയപ്പോൾ കാണാനില്ല. സമീപത്തെ കടകളിലെ സിസിടിവി പരിശോധിച്ചപ്പോൾ അന്നു രാവിലെ 9.14ന് ഒരാൾ സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നതായി കണ്ടു. ആ ദൃശ്യങ്ങൾ ഉൾപ്പെടെ തൊടുപുഴ പോലീസിനു കൈമാറി പരാതി നൽകി.
അന്വേഷിക്കാമെന്നാണ് പോലീസ് നൽകിയ ഉറപ്പ്. സിസിടിവിയിൽ പതിഞ്ഞയാളെ കണ്ടെത്താനായി ദൃശ്യം സുഹൃത്തുക്കൾക്കും പരിചയക്കാർക്കും മൊബൈലിലും നൽകി. പക്ഷേ ഇതുവരെ സൈക്കിൾ എവിടെയെന്ന് സൂചന പോലും ലഭിച്ചിട്ടില്ല.
സൈക്കിൾ നഷ്ടപ്പെട്ടതോടെ ഇപ്പോൾ മുതലിയാർമഠത്തെ വീട്ടിൽ നിന്ന് കാൽനടയായാണ് ബസ് സ്റ്റാൻഡിലെത്തുന്നത്. അമലിന് ഇപ്പോൾ ഒരേയൊരു പ്രാർഥനയേ ഉള്ളു. എത്രയും വേഗം സൈക്കിൾ തിരികെ കിട്ടിയിരുന്നെങ്കിൽ. സൈക്ലിസ്റ്റ് കൂടിയായ അമൽ ഏറെ മോഹിച്ചാണ് ഈ സ്പോർട്സ് സൈക്കിൾ വാങ്ങിയത്. ഇനി ഇത്രയും പണം മുടക്കി മറ്റൊന്ന് വാങ്ങാൻ പണമില്ല. വീട്ടിൽ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന മുതലിയാർമഠം കൊറ്റാശേരിയിൽ കെ.എൻ.ജിമ്മിയുടേയും മെഡിക്കൽ ഷോപ്പ് ജീവനക്കാരി അരണ്യയുടേയും മകനാണ് അമൽ.