തോപ്രാംകുടി സഹകരണ ബാങ്കിലെ ക്രമക്കേട് : ഇഡി അന്വേഷിക്കണം: യുഡിഎഫ്
1338262
Monday, September 25, 2023 10:42 PM IST
ചെറുതോണി: തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ബാങ്കിലെ അഴിമതികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് 10 കോടിയിലധികം രൂപയുടെ കടബാധ്യതയുമായി അടച്ചുപൂട്ടലിന്റെ വക്കിലാണ്.
പതിമൂന്നു കോടിയിലധികം രൂപ നിക്ഷേപകർക്ക് നല്കാനുള്ളപ്പോഴാണ് കട ബാധ്യത ഉണ്ടായിരിക്കുന്നത്.
ചികിത്സാ ആവശ്യങ്ങൾക്കായോ, മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ അടിയന്തിര ഘട്ടത്തിൽ നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് പണമില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ബാങ്കിന്റെ പരിധിക്ക് പുറത്ത് നിന്നുള്ളവരെ വ്യാജ വിലാസത്തിൽ അംഗങ്ങളാക്കുകയും അവർക്ക് വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കി പണം തിരിമറി നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. മുമ്പ് വായ്പ എടുത്ത് തിരിച്ചടച്ചവരും നിലവിൽ വായ്പ എടുത്തിട്ടുള്ളവരുമായ എസ്ടി വിഭാഗത്തിൽപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അവരറിയാതെ ലക്ഷക്കണക്കിനു രൂപയുടെ വായ്പാ തിരിമറി നടത്തിയിട്ടുണ്ടെന്നും യോഗം ആരോപിച്ചു.
നിയമാനുസൃത നടപടിയെന്ന നിലയിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർ എന്നിവർക്ക് പരാതി നല്കാനും യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.യു ഡി എഫ് മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജയ്സൺ കെ. ആന്റണി, കെ.ബി. സെൽവം, വി.എ. ഉലഹന്നാൻ , മിനി സാബു , എബി തോമസ്, തങ്കച്ചൻ കാരക്കാവയലിൽ, ടോമി തെങ്ങുംപള്ളിൽ, ബിജു വടക്കേക്കര, ഡിക്ലാർക്ക് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.