ആരോഗ്യ വകുപ്പിൽ സ്ഥിരം-കരാർ ജീവനക്കാർ തമ്മിൽ തർക്കം
1338260
Monday, September 25, 2023 10:42 PM IST
തൊടുപുഴ: ജോലിഭാരത്തെ ചൊല്ലി ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാരും കരാർ ജീവന ക്കാരും തമ്മിൽ തർക്കം. നിലവിൽ ജോലിഭാരത്താൽ വലയുന്ന വകുപ്പിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പുതുതായി വകുപ്പിൽ നടപ്പാക്കിയ ഏകാരോഗ്യ പദ്ധതിയുടെ അധിക ജോലിഭാരംകൂടി തങ്ങൾ പേറേണ്ടിവരുന്നുവെന്നതാണ് ഇവരുടെ പരാതിക്കു കാരണം. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ പന്ത്രണ്ട് മെന്റർമാരെ നിയമിച്ചിട്ടുണ്ട്. ഇവരെല്ലാം ആരോഗ്യവകുപ്പിൽനിന്ന് സൂപ്പർവൈസറി തസ്തികയിൽനിന്നു വിരമിച്ചവരാണ്.
പഞ്ചായത്തുതലത്തിൽ പദ്ധതി നടപ്പാക്കുക ഇവരുടെ ചുമതലയാണ്. ഇവർ ഓരോ പഞ്ചായത്തിലും വാർഡുകൾ തോറും ഏഴു വീതം കമ്യൂണിറ്റി മെന്റർമാരെയും കൂടാതെ 49 കമ്യൂണിറ്റി വോളന്റിയർമാരെയും തെരഞ്ഞെടുക്കണം. ഇവർക്ക് പരിശീലനം നൽകുക, മാസം തോറും ഇവരിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ച് മേൽഘടകത്തിൽ അയയ്ക്കുക ഉൾപ്പെടെയുള്ളവ നിർവഹിക്കുകയണ് മെന്റർമാരുടെ ജോലി.
എന്നാൽ, ഇവർ ഇത്തരം ജോലികൾ ചെയ്യാതെ ആരോഗ്യവകുപ്പിലെ ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതായി ജീവനക്കാർ ആരോപിച്ചു. തങ്ങൾ ഇപ്പോൾ അധിക ജോലിഭാരം കൊണ്ടു വലയുകയാണെന്നും ഏകാരോഗ്യ പദ്ധതിയ്ക്കായി നിയോഗിച്ചവർ ചെയ്യേണ്ട ജോലി തങ്ങളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്. മെന്റർമാരായി നിയമനം ലഭിച്ചവർക്ക് ഹാജർ രേഖപ്പെടുത്തേണ്ടത് ഏത് ഓഫീസിലാണെന്നോ ഇവർ ജോലിക്കെത്തുന്നുണ്ടോ എന്നു പോലും പരിശോധനയില്ലാത്ത അവസ്ഥയാണ്.
ഇവരിൽ പലരും മറ്റു ജോലികൾ ചെയ്യുന്നതായും സർക്കാർ വേതനം കൈപ്പറ്റുന്നതായും ആരോപണമുണ്ട് . ജോലിഭാരം അടിച്ചേൽപ്പിക്കുന്ന നടപടിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ.