മരം മുറിക്കാൻ അപേക്ഷ നൽകാൻ കർഷകർക്കു ഭയം
1338259
Monday, September 25, 2023 10:42 PM IST
വണ്ണപ്പുറം: വീടിനു ഭീഷണിയായ മരം മുറിച്ചുമാറ്റാൻ വനംവകുപ്പിന് അപേക്ഷ നൽകാൻ വണ്ണപ്പുറം പഞ്ചായത്തിലെ കർഷകർക്കു ഭയം. ഏതു സമയവും മരം ഒടിഞ്ഞ് വീടിനു മുകളിൽ വീണ് അപകടം ഉണ്ടാകുമെന്ന സ്ഥിതിയിൽപോലും മരം മുറിച്ചുമാറ്റാൻ അനുമതി ആവശ്യപ്പെട്ട് കാളിയാർ റേഞ്ച് ഓഫീസർക്ക് അപേക്ഷ നൽകുന്ന കാര്യത്തിലാണ് കർഷകർക്കു ഭയം. ഇത്തരത്തിൽ അപേക്ഷ നൽകിയാൽ കിടപ്പാടം ഒഴിഞ്ഞുപോകാനുള്ള നോട്ടീസായിരിക്കും പിന്നാലെയെത്തുന്നതെന്ന് കർഷകർ പറയുന്നു.
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയരഹിത കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. വീടിനു സമീപം അപകടസ്ഥിതിയിൽ നിൽക്കുന്ന മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കാളിയാർ റേഞ്ച് ഓഫീസർക്ക് അടിയന്തര പരാതി നൽകിയ പലർക്കും മരം മുറിക്കുന്നതിനുള്ള അനുമതിക്കു പകരം ലഭിച്ചതു കുടിയിറക്കിനുള്ള നോട്ടീസാണ്. ഇതോടെ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതിനുള്ള അപേക്ഷകൾ ആരും നൽകാതായി.
ഇവിടെ നിരവധി കുടുംബങ്ങളാണ് ഏതുനിമിഷവും തങ്ങളുടെ വീടും കൃഷിയും നശിപ്പിച്ച് മരം കടപുഴകി വീഴുമെന്ന ഭയത്തിൽ കഴിയുന്നത്.
കഴിഞ്ഞദിവസം നെല്ലൂരുപാറയിൽ ബിജു പൗലോസിന്റെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീട് തകർന്നു. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ നെഞ്ചിൽ തീയുമായാണ് നിരവധി കുടുംബങ്ങൾ കഴിയുന്നത്. തങ്ങളുടെ അവസ്ഥ കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ അഥോറിറ്റി കാണുന്നില്ലെന്നു കർഷകർ പറയുന്നു.