പൂമാല ക്ഷേത്രത്തിൽ കവർച്ച
1338257
Monday, September 25, 2023 10:35 PM IST
പൂമാല: ഉമാമഹേശ്വര ക്ഷേത്രത്തിൽ മോഷണം. അന്പലത്തിനുള്ളിലെ ചെറിയ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. പുറത്തെ വലിയ ഭണ്ഡാരം പൊളിക്കാൻ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാൽ ഇതിൽ നിന്നും പണം നഷ്ടപ്പെട്ടില്ല.
ഇന്നലെ രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തനാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടെത്തിയത്. ഇദ്ദേഹം ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഏതാനും നാളുകളിലായി പന്നിമറ്റം, പൂമാല പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. ഒരുമാസം മുന്പാണ് പന്നിമറ്റം പൂങ്കുളം ദേവീക്ഷേത്രത്തിലും കൂവക്കണ്ടം ഭദ്രകാളി ക്ഷേത്രത്തിലും മോഷണം നടന്നത്. ഇത് കൂടാതെ നാളിയാനിയിലെ റേഷൻ കടയിലും പലചരക്കു കടയിലും മോഷണം നടന്നിരുന്നു. മേത്തൊട്ടിയിൽ ഭിന്നശേഷിക്കാരന്റെ പെട്ടിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതും ആഴ്ചകൾക്ക് മുൻപാണ്.
എന്നാൽ ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.