സഹകരണമേഖലയുടെ സംരക്ഷണം: യുഡിഎഫ് ധർണ നടത്തി
1338253
Monday, September 25, 2023 10:35 PM IST
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സഹകരണ ജനാധിപത്യവേദി തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിൽ അനിയന്ത്രിതമായി മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ അനുവദിക്കുകവഴി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ദീപക്ക് അധ്യക്ഷത വഹിച്ചു. എം.കെ.പുരുഷോത്തമൻ, സുരേഷ് ബാബു, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, അരിക്കുഴ ബാങ്ക് പ്രസിഡന്റ് ടോണി കുര്യാക്കോസ്, വഴിത്തല ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ, തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എഐസിസിഅംഗം ഇ.എം. ആഗസ്തി. കട്ടപ്പന എൽ എ ഓഫീസിന് മുൻപിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ജനാധിപത്യവേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്.കേന്ദ്ര സർക്കാർ സഹകരണമേഖലയിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ്. സംസ്ഥാന സർക്കാർ പുതുതായി കൊണ്ടുവന്ന ബിൽ അപ്രായോഗികമാണ്. ഇതിനെ കോൺഗ്രസ് പാർട്ടി നിയമപരമായി നേരിടുമെന്നും ആഗസ്തി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.