ഇളംദേശം-ഞാറക്കയം റോഡ് അവഗണനയിൽ
1338249
Monday, September 25, 2023 10:35 PM IST
വെള്ളിയാമറ്റം: പഞ്ചായത്തിലെ ഇളംദേശം -ഞാറക്കയം റോഡ് കാൽനട യാത്ര പോലും സാധ്യമാകാത്ത വിധം തകർന്നു. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണെങ്കിലും മാറി വരുന്ന ഭരണസമിതികൾ ഈ പാതയെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ഇളംദേശത്തുനിന്ന് ആശ്രമം ഭാഗത്തേക്കുള്ള റോഡിനെ ഒട്ടേറെപ്പേർ ആശ്രയിക്കുന്നുണ്ട്. ഒന്നര കിലോമീറ്റർ ദൂരം റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയുമായതോടെ ഇതുവഴി വാഹനങ്ങൾ പോലും വരാതെയായി. ഓട്ടം വിളിച്ചാൽ പോലും ഓട്ടോകൾ വഴിയെത്താറില്ല. ടാറിംഗ് പൂർണമായും പൊളിഞ്ഞു കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നാട്ടുകാർ പല തവണ പഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.