ഏലത്തോട്ടം തൊഴിലാളി കാറിടിച്ചു മരിച്ചു
1338009
Sunday, September 24, 2023 10:57 PM IST
ഉപ്പുതറ: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിന്ന ഏലത്തോട്ടം തൊഴിലാളി നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു.
അയ്യപ്പൻകോവിൽ സുൽത്താനിയ എസ്റ്റേറ്റിലെ ആർ. സുബ്ബരാജ് (67) ആണ് മരിച്ചത്. തേക്കടി-കൊച്ചി സംസ്ഥാന പാതയിൽ പുല്ലുമേട്ടിൽ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം.
പുല്ലുമേട്ടിൽനിന്നു വന്ന കാർ കന്നിക്കല്ലു ഭാഗത്തേക്ക് തിരിയുന്നതിനിടെ സുബ്ബരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിന്റെ പിൻചക്രം സുബ്ബരാജിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുബ്ബരാജിനൊപ്പമുണ്ടായിരുന്ന സുൽത്താനിയ എസ്റ്റേറ്റിലെ യേശുദാസിനെയും (58) കാറിടിച്ചു. ഇതിനു ശേഷം കാർ താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ കന്നിക്കല്ല് കാരക്കാട്ടിൽ സുകുമാരനും (58) പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേനി തുച്ചന്നൂർ സ്വദേശിയായ സുബ്ബരാജ് വർഷങ്ങളായി സുൽത്താനിയായിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മുള്ള ശെൽവി. മക്കൾ: ആനന്ദൻ, ജയന്തി. മരുമക്കൾ: കവിത, ശരവണൻ.