വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം
1338008
Sunday, September 24, 2023 10:57 PM IST
കട്ടപ്പന: നരിയന്പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. നരിയന്പാറ മീൻതത്തിയിൽ സൈജുവിന്റെ കടയിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ 2.45-ഓടെയാണ് സംഭവം.
ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത മോഷ്ടാവ് സമീപത്തെ സിസിടിവി കാമറകൾ ദൃശ്യങ്ങൾ ലഭിക്കാത്തവിധം തിരിച്ചുവച്ചു. എന്നാൽ, മുഖംമൂടി ധരിച്ച മോഷ്ടാവ് കടയിൽ കയറുന്നത് സിസിടിവി ദ്യശ്യങ്ങളിൽ വ്യക്തമാണ്. കടയുടമ സുഹൃത്തുക്കൾക്ക് നൽകാനായി വച്ചിരുന്ന പണമാണ് നഷ്ടമായത്.
കട്ടപ്പന പോലീസും ഡോഗ് സ്ക്വാഡും വിരലടയാളം വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി മുഖംമൂടി ധരിച്ച മോഷ്ടാവ് ഒട്ടേറെ മോഷണങ്ങളാണ് ഹൈറേഞ്ചിൽ നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാലും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല.
മാർച്ച് എട്ടിന് ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നു. താഴ് തകർത്ത് മെഡിക്കൽ സ്റ്റോറിൽ കയറിയ മോഷ്ടാവ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 5800 രൂപ കവർന്നു. അന്നേദിവസം സമീപത്തെ വ്യാപാരസ്ഥാപനമായ ഉദയ സ്റ്റോഴ്സിലും മോഷണശ്രമം നടന്നു.