കരിന്തരുവി ക്ഷേത്രത്തിൽ മോഷണം: സ്വർണവും പണവും കവർന്നു
1338007
Sunday, September 24, 2023 10:57 PM IST
ഉപ്പുതറ: ചപ്പാത്ത് കരിന്തരുവി ശ്രീകൃഷ്ണ ഭദ്രാദേവീ ക്ഷേത്രത്തിൽ കവർച്ച. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുളള മാല, നാലു താലി എന്നിവയുൾപ്പെടെ ഒന്നര പവൻ സ്വർണാഭരണങ്ങളും കാണിക്ക വഞ്ചികളിലെ പണവും നഷ്ടപ്പെട്ടു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
എല്ലാ മലയാള മാസവും ഒന്നാം തീയതിയാണ് ക്ഷേത്രത്തിൽ പൂജയുള്ളത്. അന്നു മാത്രമേ വിഗ്രഹത്തിൽ സ്വർണാഭരണങ്ങൾ ചാർത്താറുള്ളൂ. ഭണ്ഡാര കുടവും അന്നു മാത്രമേ ശ്രീകോവിലിന് മുന്നിൽ വയ്ക്കൂ. ഇതിനു ശേഷം ഓഫീസിലാണ് സൂക്ഷിക്കുന്നത്.
ഓഫീസിന്റെ പൂട്ട് തകർത്ത മോഷ്ടാവ് ഉള്ളിൽ കടന്ന് ഇവിടെ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിലുകൾ എല്ലാം തുറന്നു. എന്നാൽ, വിഗ്രഹമോ മറ്റു പൂജാ സാമഗ്രികളോ മോഷ്ടിച്ചിട്ടില്ല.
മോഷണത്തിനു ശേഷം താക്കോൽ പ്രധാന ശ്രീകോവിലിന്റെ മുന്നിൽ ഉപേക്ഷിച്ചു. ഓഫീസിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കന്പിവടി ഓഫീസിനു മുന്നിൽ ഉപേക്ഷിച്ചിട്ടുണ്ട്.
സമീപവാസികളാണ് ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടത്. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇടുക്കിയിൽനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവു ശേഖരിച്ചു.
ഇതിന് ഒന്നര കിലോ മീറ്റർ അകലെ ലോണ്ട്രി മുത്തമ്മ പതാൽ ദേവീ ക്ഷേത്രത്തിൽ ഏതാനും ദിവസം മുൻപാണ് മോഷണം നടന്നത്. ഉപ്പുതറ പോലീസ് അന്വേഷണം ഉൗർജിതമാക്കി.