കോട്ട-മിഷൻകുന്ന്-മുളപ്പുറം റോഡ് തകർന്നു
1338005
Sunday, September 24, 2023 10:57 PM IST
കരിമണ്ണൂർ: കോട്ട-മിഷൻകുന്ന്-മുളപ്പുറം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി മുളപ്പുറം പാലം പൊളിച്ച് ഉയരംകൂട്ടി നിർമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം കോട്ടക്കവലയിൽനിന്നു കോട്ട-മിഷൻകുന്ന്-മുളപ്പുറം റോഡിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്.
സ്വകാര്യബസുകളടക്കം നൂറൂകണക്കിനു വാഹനങ്ങളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. തൊമ്മൻകുത്ത്, ആനയാടിക്കുത്ത് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ആളുകൾ എത്തുന്നത് ഈ റോഡിലൂടെയാണ്.
പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തിയാണ് അഞ്ചുവർഷ മെയിന്റനൻസ് കാലാവധിയിൽ പള്ളിക്കാമുറി-കോട്ട-മിഷൻകുന്ന് റോഡ് നിർമാണം പൂർത്തീകരിച്ചത്. കാലാവധി പൂർത്തിയായതോടെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഇനി തുക അനുവദിച്ച് പുതിയ ടെൻഡർ നൽകണം.
മഴ ശക്തമായതോടെ റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കാൽനട യാത്രപോലും ദുസഹമായിരിക്കുകയാണ്.
റോഡ് തകർന്നതുമൂലം സ്വകാര്യബസുകൾക്ക് സമയനിഷ്ഠ പാലിച്ച് സർവീസ് നടത്താനും കഴിയുന്നില്ല. നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണത്തിന് രണ്ടുവർഷ കാലാവധിയുള്ളതിനാൽ ഗതാഗതം പഴയപടിയാകാൻ നാളുകൾ വേണ്ടിവരും.
മുളപ്പുറം പാലത്തിന്റെ നിർമാണം തീരുന്ന മുറയ്ക്ക് തൊമ്മൻകുത്ത് പാലവും പൊളിച്ച് പുതിയതു നിർമിക്കാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. തകർന്നു കിടക്കുന്നറോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി.