ലോക കരാട്ടെ ചാന്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ബിബിൻ
1338001
Sunday, September 24, 2023 10:41 PM IST
നെടുങ്കണ്ടം: ലോക കരാട്ടെ ചാന്പ്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി ബിബിൻ ജയ്മോൻ. ഇന്ത്യക്കായി വെള്ളി മെഡൽ നേടിയാണ് ബിബിൻ ഇടുക്കിയുടെ അഭിമാനമായത്.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 94 രാജ്യങ്ങൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിലെ സീനിയർ വിഭാഗം പുരുഷന്മാരുടെ 66 കിലോ കൂമിത്തേ വിഭാഗത്തിലാണ് ബിബിൻ വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ ജപ്പാൻ സ്വർണം നേടിയപ്പോൾ ഫിലിപ്പീൻസും മെക്സിക്കോയും വെങ്കലം പങ്കിട്ടു.
നെടുങ്കണ്ടം ടൗണിലെ ഓട്ടോത്തൊഴിലാളിയായ പായിക്കാട്ട് ജയ്മോന്റെയും വിജിമോളുടെയും മകനാണ് ബിബിൻ. സഹോദരൻ: ജിബിൻ. ഷിറ്റോറിയോ സ്കൂൾ ഓഫ് കരാട്ടെയിൽ മാസ്റ്ററായ ഷിഹാൻ മാത്യു ജോസഫിന്റെ കീഴിലാണ് ബിബിൻ കരാട്ടെ അഭ്യസിക്കുന്നത്.
മൂലമറ്റം സെന്റ് ജോസഫ് കോളജിൽനിന്നു കായിക വിദ്യാഭ്യാസത്തിൽ ബിരുദം നേടിയിട്ടുള്ള ബിബിൻ തുടർപഠനത്തിനുള്ള ഒരുക്കത്തിലാണ്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ജക്കാർത്തയിലെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാന്പത്തിക പരാധീനതകൾ തടസം സൃഷ്ടിച്ചപ്പോൾ നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് കന്പനിയായ സ്പോർട്സ് അസോസിയേഷനാണ് വിദേശയാത്രയ്ക്കുള്ള ചെലവുകൾ വഹിച്ചത്.
ഒരു ലക്ഷം രൂപയോളം അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച് ബിബിനു നൽകുകയായിരുന്നു. ബിബിന്റെ ചരിത്ര നേട്ടത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം നാടും ആഹ്ലാദത്തിലാണ്. ബിബിനെ സ്പോർട്സ് അസോസിയേഷൻ, ജില്ലാ ജൂഡോ അസോസിയേഷൻ, നെടുങ്കണ്ടം പഞ്ചായത്ത് എന്നിവർ അഭിനന്ദിച്ചു.