ബിഎംബിസി റോഡ്: ബജറ്റ് പ്രഖ്യാപനം കടലാസിൽ
1337998
Sunday, September 24, 2023 10:41 PM IST
അറക്കുളം: അശോകക്കവല മുതൽ മൂലമറ്റം കെ എസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു. ഇതിനായി 2.50 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്.
റോഡ് ബിഎംബിസി നിലവാരത്തിലേക്ക് മാറ്റണമെങ്കിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി തുടർന്നു ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല.
അശോകക്കവലയ്ക്കു സമീപവും ബിഷപ് വയലിൽ ആശുപത്രിക്കു സമീപവുമുള്ള കലുങ്ക് വീതി കൂട്ടി പുതിയതു നിർമിക്കണം. ഇരുവശങ്ങളിലും റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടികളും ആരംഭിക്കേണ്ടതുണ്ട്. ചിലയിടങ്ങളിൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് ഉയർത്തി നിർമിക്കുകയും വേണം.
ബിഷപ് വയലിൽ ജംഗ്ഷനു സമീപം മാത്രമാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഓട നിർമിക്കുന്നതിനും റോഡിന്റെ പരമാവധി വീതി കൂട്ടുന്നതിനും പ്രത്യേക പദ്ധതിയിൽ നടപടി സ്വീകരിച്ചത്.
മൂലമറ്റം വൈദ്യുതി നിലയത്തിന്റെ സുവർണജൂബിലിയുടെ ഭാഗമായി രണ്ടാം വൈദ്യുതി നിലയം ആരംഭിക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാൽ നിർമാണത്തിനായി യന്ത്രസാമഗ്രികളും മറ്റും എത്തിക്കണമെങ്കിൽ നിലവിലുള്ള റോഡ് എത്രയും വേഗം നവീകരിച്ചേ മതിയാകൂ.
തൊടുപുഴ-പുളിയൻമല റോഡ് ആധുനിക രീതിയിൽ നവീകരിച്ചപ്പോൾ അശോകക്കവല മുതൽ മൂലമറ്റം വരെയുള്ള റോഡ് പുനർനിർമിച്ചിരുന്നില്ല. ഇതു നവീകരിക്കുകയും മൂലമറ്റം-കോട്ടമല റോഡിന്റെ അവസാന റീച്ചായ ഒന്നര കിലോമീറ്റർ ടാറിംഗ് നടത്തുകയും ചെയ്താൽ തൊടുപുഴ-പീരുമേട് താലൂക്കുകളെ ബന്ധിപ്പിക്കാനും കുമളി, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും സാധിക്കും.
ഈ റോഡ് യാഥാർഥ്യമായാൽ 40 കിലോമീറ്ററിന്റെ ലാഭം ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അശോകക്കവലമുതൽ മൂലമറ്റം വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുകയും കോട്ടമല റോഡ് തുറന്നുകൊടുക്കുകയും ചെയ്താൽ ഗതാഗത, കാർഷിക, വ്യാപാര വിനോദസഞ്ചാര മേഖലകളിൽ വൻ വികസനമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.