ലോണ്‍ ആപ്പ് തട്ടിപ്പ്: വാട്സ് ആപ്പിൽ പരാതി നൽകാം
1337996
Sunday, September 24, 2023 10:41 PM IST
ഇടുക്കി: അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നന്പർ സംവിധാനം നിലവിൽ വന്നു. ജില്ലയിൽ തട്ടിപ്പിനിരയായവർ 9497980900 എന്ന നന്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സ് ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്ന് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് അറിയിച്ചു.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടു വിളിച്ച് ബന്ധപ്പെടാനാവില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകൾക്കെതിരേ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.