അഞ്ചുരുളി ടണൽമുഖത്ത് പ്രവേശനം നിരോധിച്ചു
1337995
Sunday, September 24, 2023 10:41 PM IST
കട്ടപ്പന: വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലെ ടണൽമുഖത്തേക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബോർഡ് സ്ഥാപിച്ച് ടണൽമുഖത്തേക്കുള്ള ഗേറ്റ് പൂട്ടിയത്.
എപ്പോൾ വേണമെങ്കിലും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും പാറകളിലെ വഴുക്കലും അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് പ്രദർശിപ്പിച്ചാണ് ടണൽ ഭാഗത്തേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചത്.
ഇടുക്കി ഡാം സേഫ്റ്റി വാഴത്തോപ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറാണ് ഉത്തരവിറക്കിയത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലും മുന്നറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ടണലിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഗേറ്റും പൂട്ടിയത്.
എന്നാൽ, മുന്നറിയിപ്പ് വകവയ്ക്കാതെ സഞ്ചാരികൾ ടണൽ ഭാഗത്തേക്ക് ഇറങ്ങുന്നുണ്ട്. അതേസമയം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പടുത്തുന്നത് അഞ്ചുരുളിയിലെ ടൂറിസം വികസനത്തിന് തടസമാകുമെന്ന് നാട്ടുകാർ ആരോപിച്ചു.