മൂന്നാര്‍ ചോല ദേശീയോദ്യാനം വരൂ, ജീവന് തുടിക്കുന്ന ഹരിതസ്വര്ഗത്തിലേക്ക്
1337994
Sunday, September 24, 2023 10:41 PM IST
മറയൂർ: മൂന്നാറിനു സമീപമുള്ള ചോല ദേശീയോദ്യാനത്തിലെ പുല്‍മേടുകളും സമീപമുള്ള പഴവര്‍ഗ തോട്ടങ്ങളും ഇന്നു ജീവന് തുടിക്കുന്ന ഹരിത സ്വര്‍ഗമാണ്. കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ച കാണണമെങ്കിൽ മൂന്നാറിലെ ചോല ദേശീയോദ്യാനത്തിലേക്ക് വരണം.
ഒരുകാലത്തു പച്ചപ്പ് നശിച്ചു പ്രകൃതിപോലും കരഞ്ഞു മാറിനിന്ന പ്രദേശത്തെ കൈപിടിച്ചുയർത്തിയതു വനംവകുപ്പിന്റെയും നാട്ടുകാരുടെയും ഒന്നിച്ചുള്ള പോരാട്ടത്തിലൂടെയാണ്. നൈസര്‍ഗിക പുല്‍മേടുകള്‍ തിരികെ കൊണ്ടുവരാനായി 2015-ല്‍ തയാറാക്കിയ പദ്ധതിയാണ് നാടിന് ഗുണകരമായി മാറിയത്.
വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് നൈസര്‍ഗിക പുല്‍മേടുകള്‍ പുനഃസൃഷ്ടിക്കാനായത്. അതോടെ വന്യജീവികളും മറ്റും ഈ ഭാഗത്തേക്കു തിരികെയെത്തിത്തുടങ്ങി. ടോപ് സ്റ്റേഷനില്‍നിന്നു വട്ടവടയിലേക്കു യാത്ര ചെയ്യുമ്പോള്‍ പുതിയ മാറ്റം ദൃശ്യമാണ്. ആനകളും കാട്ടുപോത്തുകളും മറ്റു വന്യജീവികളും ഇവിടെ സ്വൈരവിഹാരം നടത്തുന്നത് ഇപ്പോള്‍ പതിവു കാഴ്ചയാണ്.
കൂട്ടായ പരിശ്രമം
വ്യാവസായിക ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് 1980-ല്‍ വനംവകുപ്പ് സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വിദേശ മരങ്ങളായ വാറ്റിൽ, പൈന്‍ തുടങ്ങിയവ വച്ചുപിടിപ്പിച്ചതോടെയാണ് ഇവിടത്തെ പച്ചപ്പ് അപ്രത്യക്ഷമായത്. രണ്ടു ഘട്ടമായാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പദ്ധതി നടപ്പാക്കിയത്.
പ്രകൃതിദത്ത പുല്‍മേടുകള്‍ സജ്ജമാക്കി ഇതുവഴി വന്യമൃഗങ്ങള്‍ക്ക് ശരിയായ ഭക്ഷണം ഉറപ്പാക്കാനും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാനും പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി എങ്ങനെ സഹായിക്കുമെന്നതിന്റെ മകുടോദാഹരണംകൂടിയാണ് ഇന്ന് ഈ പ്രദേശം.
മറയൂര്‍ റേഞ്ചിനു കീഴിലുള്ള വട്ടവട, കോവിലൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ചോലവനങ്ങളിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്. മൂന്നാര്‍ വന്യജീവി ഡിവിഷന് വൈല്‍ഡ് ലൈഫ് വാര്ഡന് ജി. പ്രസാദും സംഘവും ചേര്‍ന്നാണ് ഇതിനു തുടക്കം കുറിച്ചത്.
തുടര്‍ന്നു 2003-ല്‍ ഈ മേഖല ചോല ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഇതു വനംവകുപ്പിനു കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നതോടെ സമീപ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. കോട്ടയം നേച്ചര്‍ ക്ലബ്ബിലെ അംഗങ്ങളും വനപാലകരും ചേര്‍ന്നാണ് ഇതിനു തുടക്കം കുറിച്ചത്.
പരിസ്ഥിതി തകിടം മറിഞ്ഞു
അതിവേഗം വളര്‍ന്ന വാറ്റിൽ, പൈന്‍ തുടങ്ങിയ വിദേശ വൃക്ഷങ്ങള്‍ ചോലവനത്തിനു ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കി.
ഇതോടെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമായതോടെ വന്യജീവികള്‍ ഇവിടെനിന്ന് ജനവാസ മേഖലയിലേക്ക് ആഹാരവും വെള്ളവും തേടി ഇറങ്ങാന്‍ തുടങ്ങി. ചോലവനങ്ങളില്‍ മാത്രം കണ്ടുവരുന്ന ലീച്ച് ഉള്‍പ്പെടെയുള്ള ചെറു ജീവികളും കാണാക്കാഴ്ചയായി.
വന്യജീവികളും നീര്‍ച്ചാലുകളും നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. വട്ടവട, കോവിലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലസ്രോതസിന്റെ ഉറവിടവും ഈ ചോലവനങ്ങളായിരുന്നു.
പ്രാദേശിക പങ്കാളിത്തം
പ്രദേശവാസികളുടെ പങ്കാളിത്തത്തോടെയാണ് പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ച് പദ്ധതിക്കു ഹരിത വസന്തം എന്നു പേരുനല്കി. ആദ്യമായാണ് ഒരു പരിസ്ഥിതി പുനരുദ്ധാരണ പദ്ധതിക്കായി ഒരു കമ്മിറ്റി രൂപീകരിക്കുന്നത്.
ഇതനുസരിച്ചു നാലു കുടുംബങ്ങള്‍ക്ക് പുല്‍മേടിനുള്ളില്‍ താമസിക്കാം. ഇതിനു പുറമെ സഞ്ചാരികള്‍ക്കു പ്രകൃതിദത്തമായ പുല്‍മേടിലൂടെ ട്രക്കിംഗ് നടത്താനും അനുമതിയുണ്ട്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇഡിസി അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്നതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് എസ്.വി. വിനോദ് പറഞ്ഞു.
നിലവില്‍ ഈ പ്രദേശത്ത് 350 ഹെക്ടറിലധികം സ്ഥലത്ത് വിദേശ മരങ്ങളുണ്ട്. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വ്യാപിപ്പിക്കാനായാല്‍ വന്യമൃഗങ്ങള്‍ക്ക് വനമേഖലയില്‍തന്നെ ഭക്ഷണം ഉറപ്പാക്കാനും മനുഷ്യ-വന്യജീവി സംഘര്‍ഷം ഒരുപരിധിവരെ ഒഴിവാക്കാനും കഴിയും. ഇതിനായി വനംവകുപ്പ് കൂടുതല്‍ ജനകീയ പങ്കാളിത്തം തേടുകയാണ്.