പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: ലാൻഡ് സീഡിംഗ് നടത്തണം
1337830
Saturday, September 23, 2023 11:19 PM IST
ഇടുക്കി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിക്കാത്തവർ ആധാർ നന്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഭൂരേഖകൾ അക്ഷയ സെന്ററുകളിലോ കൃഷിഭവനുകളിലോ സമർപ്പിച്ച് ലാൻഡ് സീഡിംഗ് നടത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ലാൻഡ് സീഡിംഗ് നടത്തിയിട്ടും ബാങ്ക് അക്കൗണ്ടുകളിൽ തുക എത്താത്തവർക്ക് പോസ്റ്റ് ഓഫീസുകളിലെത്തി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്കുവഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാം.
അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാർകാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ഫോണ്‍ , 200 രൂപ എന്നിവയുമായി പോസ്റ്റ്ഓഫീസുകളിൽ എത്തണം. അക്ഷയകേന്ദ്രം , സിഎസ്സി വഴിയോ, വെബ്സൈറ്റ് മുഖേന PMKISANGOI എന്ന ആപ്ലിക്കേഷൻവഴി ആധാർ ഉപയോഗിച്ച് സ്വന്തമായി ഇകെവൈസി നടപടികൾ പൂർത്തിയാക്കാം. ജില്ലയിൽ 43,916 കർഷകർ ഇകെവൈസി ചെയ്യാനും 38471 കർഷകർ ഭൂരേഖകൾ ചേർക്കാനും 8418 കർഷകർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുമുണ്ട്. 30 നകം നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അംഗങ്ങളായ കർഷകർ പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെടും.
26ന് അക്ഷയ, സിഎസ്സികളിൽ കാന്പയിനുകൾ നടക്കും. 28,29,30 തിയതികളിൽ പോസ്റ്റ് ഓഫീസുകളിൽ ഐപിപിബി കാന്പയിനുകൾ നടക്കും.പുതിയ കർഷകർക്ക് പദ്ധതിയിൽ അംഗമാകാൻ അപേക്ഷകന് 2018-19 ൽ ഭൂമി ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖ, കരം അടച്ച രസിത്, ആധാർ കാർഡ് എന്നിവ ഉപയോഗിച്ച് സ്വന്തമായോ, അക്ഷയ അല്ലെങ്കിൽ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കണം.