കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം വർധിക്കുന്നു: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
1337827
Saturday, September 23, 2023 11:19 PM IST
മൂന്നാര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മോശമായുള്ള സ്പര്‍ശനംപോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമാണെന്നും അടുത്ത് ഇടപഴകുന്നവരില്നിന്നോ ബന്ധുക്കളില്‍നിന്നോ അതിക്രമങ്ങൾ നേരിടേണ്ടിവന്നാല്‍ അത് രക്ഷിതാക്കളോടോ ബന്ധുക്കളോടോ തുറന്നുപറയാന്‍ കുട്ടികള്‍ തയാറായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകുകയുള്ളൂവെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി പറഞ്ഞു. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിൽ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച പോക്സോ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തണൽ എന്ന പേരില്‍ നടത്തിയ പരിപാടിയിൽ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കരുത്ത് മൂലമാണ് അതിക്രമം നേരിടേണ്ടിവരുന്ന കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം സംരക്ഷണം ഏര്‍പ്പെടുത്താനും കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ ക്ലബ്ബുകൾ രൂപീകരിക്കുന്നതുവഴി കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളില്‍നിന്നു സുരക്ഷ ഒരുക്കുന്നതോടൊപ്പം നിയമവ്യവസ്ഥയെപ്പറ്റി ബോധവത്കരണം നടത്താനും സാധിക്കും-ജസ്റ്റിസ് പറഞ്ഞു. ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രദര്‍ശനം നടന്നു. ദേവികുളം ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ ജഡ്ജ് സിറാജുദീന്‍ , പ്രിന്‍സിപ്പൽ ജില്ലാ സ്പെഷല്‍ ജഡ്ജ് ശശികുമാര്‍ പി.എസ്, സബ് ജഡ്ജ് പി.എ. ഷാനവാസ് , അഡ്വ. എൻ.എസ്. സനീഷ് , സ്കൂള്‍ പ്രിൻസിപ്പൽ വിജയലക്ഷ്മി കൈമൾ എന്നിവര്‍ പ്രസംഗിച്ചു.