കൈവശഭൂമിയിലെ മരം കടത്ത് ; തടിവ്യാപാരി ആത്മഹത്യാ ഭീഷണി മുഴക്കി
1337825
Saturday, September 23, 2023 11:19 PM IST
അടിമാലി: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശഭൂമിയിൽനിന്നു മുറിച്ച മരം കടത്തിക്കൊണ്ടുപ്പോകാൻ കഴിയാതെ പ്രതിസന്ധിയിലായ തടിവ്യാപാരി നടത്തിയ ആത്മഹത്യാ ഭീഷണിയുടെ ശബ്ദരേഖ പുറത്ത്. അടിമാലി ഗ്രാമപഞ്ചായത്തിലെ പഴന്പള്ളിച്ചാലിലെ കർഷകരുടെ കൈവശഭൂമിയിൽനിന്നു മരം വിലയ്ക്കു വാങ്ങിയ തടി വ്യാപരി നോബിൾ അടിമാലി ആറാം മൈലിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ് സംഭാഷണമാണ് പുറത്തായത്.
ലോഡ് കൊണ്ടുപോകുന്നതിനു കഴിയാതെ വന്നതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ അഡ്വാൻസായി വാങ്ങിയ കൈക്കൂലി തുക തിരികെ ഗൂഗിൾ പേ ചെയ്തു തരണമെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. “തന്റെ വാഹനവും തടിയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിനാൽ വളരെയധികം സാന്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. തടി പ്പണിക്കാരും തടി ഉടമസ്ഥരും വീട്ടിൽ വന്ന് നിരന്തരം ശല്യം ചെയ്യുന്നു.
അവർക്കു കൊടുക്കാൻ പൈസ ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ അഡ്വാൻസായി വാങ്ങിയ തുക തരാത്ത പക്ഷം കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തി കത്തെഴുതിവച്ച് ആത്മഹത്യ ചെയ്യും.’’ നേബിൾ ഇതു പറഞ്ഞപ്പോൾ “അതുകൊണ്ട് പ്രശ്നം പരിഹരിക്കുകയില്ലല്ലോ നമുക്ക് നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാം’’ എന്നു മറുപടി നൽകിയാണ് ഫോണ് സംഭാഷണം അവസാനിക്കുന്നത്.
കഴിഞ്ഞ ആറു മാസക്കാലമായി ഈ മേഖലയിൽനിന്നു വ്യാപകമായി മരം മുറിച്ച് കടത്തുകയായിരുന്നു. ഒരു ലോഡിന് 30,000 രൂപ വരെയായിരുന്നു കൈക്കൂലി. പരാതികളൊന്നുമില്ലാതെ കാര്യങ്ങൾ മുന്പോട്ട് പോകുന്ന അവസരത്തിൽ ആറാം മൈൽ ഡപ്യൂട്ടി റേഞ്ച് ഓഫീസർ മൂന്നു മാസത്തെ പരിശീലനത്തിനായി പോയി. പകരം ചുമതല, അർഹതപ്പെട്ടവർക്ക് നൽകാതെ ഇദ്ദേഹത്തിന്റെ ഇഷ്ടക്കാരന് നൽകിയതോടെ ഇതിൽ അമർഷമുണ്ടായ വനം ഉദ്യോഗസ്ഥർ ഫോറസ്റ്റ് കണ്സർവേറ്റർക്ക് പരാതി നൽകുകയായിരുന്നെന്നും തടി കടത്ത് നിന്നുപോയെന്നുമാണ് തടി വ്യാപാരികൾ പറയുന്നത്.
വാക്കാലുള്ള അനുവാദം വാങ്ങിയാണ് തടി ലോഡുകൾ നേര്യമംഗലം റെയ്ഞ്ച് ഓഫീസറുടെ മുന്നിലൂടെയും തലക്കോട് ചെക്ക്പോസ്റ്റു വഴിയും കടന്നുപോയത്. ഇവിടെയെല്ലാം കൈക്കൂലിയുടെ വീതം നൽകിയാണ് തടി ലോഡുകൾ കടന്നുപോയത്. കൈക്കൂലി ആരോപണം ഉയർന്നിട്ടും ബന്ധപ്പെട്ട വനംവകുപ്പ് ജീവനക്കാർക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാട്ടാനയുടെ ശല്യംമൂലമാണ് കൃഷിയിടത്തിലെ മരങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റതെന്ന് കർഷകരും പറയുന്നു. എന്നാൽ, വെട്ടിയെടുത്ത് തടികൾക്ക് പറഞ്ഞ തുക ലഭിച്ചില്ലെന്നും പറയുന്നു.