തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിൽ
1337824
Saturday, September 23, 2023 11:19 PM IST
തൊടുപുഴ: വൃക്കരോഗികളെ ദുരിതത്തിലാക്കി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. നാലു മാസത്തോളമായി അവശ്യ സർവീസായ ഡയാലിസിസ് യൂണിറ്റിന്റെ യുപിഎസാണ് തകരാറിലായിരിക്കുന്നത്.
നിലവിൽ ആശുപത്രിയിലുള്ള 13 യൂണിറ്റുകളിൽ ഏഴു യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ദിവസേന നാൽപതോളം രോഗികളാണ് ഡയാലിസിസിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഒരു രോഗിക്ക് നാലു മണിക്കൂറാണ് ഡയാലിസിസിനുള്ള സമയം. ഇപ്പോൾ ഏഴു യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ ഷിഫ്റ്റ് അനുസരിച്ച് ഒരു രോഗിക്ക് മൂന്നു മണിക്കൂറാണ് ഡയാലിസിസിന് വേണ്ടി വരുന്നത്. നിശ്ചിത സമയം ഡയാലിസിസ് ചെയ്യാത്തതിനാൽ ഇത് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
കെഎംഎസ്സിഎൽ വഴി റെറ്റ് കോണ്ട്രാക്ടിലുള്ള സ്വകാര്യ കന്പനിയാണ് മൂന്നു വർഷ വാറണ്ടിയോടെ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചത്. യന്ത്രത്തിനു തകരാർ സംഭവിച്ചാൽ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്.
യൂണിറ്റ് തകരാറിലായ വിവരം ഡിഎംഒയെയും ഡിപിഎമ്മിനെയും അറിയിച്ചതായും ഇവർ ബന്ധപ്പെട്ട കന്പനിയെ കത്തു മുഖേന വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പി.എൻ.അജി പറഞ്ഞു. എന്നാൽ വാറണ്ടിയുണ്ടായിട്ടും തകരാർ പരിഹരിക്കാൻ ബന്ധപ്പെട്ട കന്പനി തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ആർഒ പ്ലാന്റ് പ്രവർത്തനസജ്ജമായാൽ കൂടുതൽ രോഗികളെ ഇവിടെ ഡയാലിസിസിന് വിധേയമാക്കാം. നിലവിൽ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയോളം പേർക്ക് ഈ സൗകര്യം പ്രയോജനപ്പെടും. എന്നാൽ ഇതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യുണിറ്റിന്റെ യുപിഎസ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിനും മെഡിക്കൽ സർവീസ് ഡയറക്ടർക്കും കത്തു നൽകിയതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.