കുഴൽനാടനെതിരേയുള്ള അന്വേഷണം നിയമവിരുദ്ധം: എസ്.അശോകൻ
1337816
Saturday, September 23, 2023 11:06 PM IST
തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ. അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പിൽ നിർവചിക്കുന്ന പബ്ലിക്ക് സർവെന്റിന്റെ നിർവചനത്തിൽ രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും വരില്ല. ചിന്നക്കനാലിലെ ഭൂമി വാങ്ങിയ സമയത്ത് മാത്യു കുഴൽനാടൻ എംഎൽഎ ആയിരുന്നില്ല. ഏതെങ്കിലും ഒൗദ്യോഗിക ചുമതല വഹിച്ചിരുന്നുമില്ല. ഇക്കാരണത്താൽ ഭൂമി ഇടപാട് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരില്ല.
മാത്യു കുഴൽനാടൻ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചിന്നക്കനാലിലെ വസ്തുവിന് ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ വില കാണിച്ചു എന്ന ആരോപണം അപ്രസക്തമാണ്.
വസ്തുവിന്റെ വില എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമസ്ഥന്റെ വിവേചന അധികാരമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പകതീർക്കാനാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അശോകൻ ആരോപിച്ചു.