നെടുങ്കണ്ടം ഫയര്‍ഫോഴ്സ് അസൗകര്യങ്ങളുടെ നടുവിൽ
1337814
Saturday, September 23, 2023 11:06 PM IST
നെടുങ്കണ്ടം: സ്വന്തമായി സ്ഥലമുണ്ടെങ്കിലും നെടുങ്കണ്ടം ഫയര്‍ഫോഴ്സ് ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിലാണ്. നെടുങ്കണ്ടം ടൗണ്‍ഹാളിനു സമീപത്തായി ജില്ലാ പഞ്ചായത്ത് അനുവദിച്ചുനല്‍കിയ കെട്ടിടത്തിലാണ് 2016 മുതല്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
രണ്ടര വര്‍ഷം മുമ്പ് ഫയര്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനായി റവന്യൂ വകുപ്പ് 82.5 സെന്റ് സ്ഥലം വകുപ്പിന് വിട്ടുനല്‍കിയിരുന്നു. നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപമായി ഹൈവേ ഓരത്താണ് സ്ഥലം അനുവദിച്ചുനല്കിയത്. ഫയര്‍ സ്റ്റേഷന് ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷം കെട്ടിട നിര്‍മാണത്തിനായി തുക അനുവദിച്ചു. എന്നാല്‍, സ്ഥലം വകുപ്പിന് ലഭിച്ചത് 2021 ലാണ്. സ്ഥലം ലഭിച്ചപ്പോള്‍ സ്റ്റേഷന് നിര്‍മാണത്തിന് മുമ്പ് അനുവദിച്ച ഫണ്ട് ലാപ്സായി. പിന്നീട് കെട്ടിടനിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടില്ല.
ഇതുമൂലം ഏഴ് വര്‍ഷത്തിലധികമായി ഫയര്‍ ഫോഴ്സ് അസൗകര്യങ്ങളുടെ നടുവില്‍ത്തന്നെയാണ്. ഇപ്പോഴുള്ള ഓഫീസ് ഏറെ തിരക്കേറിയ സ്റ്റേഡിയം റോഡിനു സമീപമായതിനാല് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. വാഹനങ്ങള്‍ തിരിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും ശ്രമകരമായ ജോലിയാണ്. വലിയ വാഹനങ്ങള്‍ വീതികുറഞ്ഞ സ്ഥലത്ത് തിരിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചെറിയ മുറിയിലായതിനാല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനോ വിശ്രമിക്കുന്നതിനോ ഉള്ള സൗകര്യം പോലും നിലവിലില്ല.
നിലവില്‍ അനുവദിച്ച സ്ഥലത്ത് ഫയര്‍ സ്റ്റേഷന്, ക്വാര്‍ട്ടേഴ്സുകള്‍, സ്റ്റോര്‍ റൂം തുടങ്ങിയവ നിര്‍മിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളുണ്ട്. എന്നാല്‍ കെട്ടിടനിര്‍മാണത്തിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.