അയ്യപ്പൻകോവിൽ പഞ്ചായത്ത് കമ്മിറ്റി യുഡിഎഫ് ബഹിഷ്കരിച്ചു
1337598
Friday, September 22, 2023 11:01 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ 16.5 ലക്ഷം രൂപയുടെ കേന്ദ്രാവിഷ്കൃത ഫണ്ട് നഷ്ടമാക്കിയ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കമ്മറ്റിയിൽനിന്നു ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ താത്കാലിക ജീവനക്കാരിയായ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ പിരിച്ചുവിടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ജീവനക്കാരി നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും എഇ, സെക്ഷൻ ക്ലർക്ക് എന്നിവരോടുകൂടി വിശദീകരണം തേടണമെന്ന് വ്യാഴാഴ്ച ചേർന്ന കമ്മിറ്റിയിൽ പ്രസിഡന്റ് നിലപാട് എടുത്തു. ഇത് ജീവനക്കാരിയെ സംരക്ഷിക്കാനാണെന്ന് യുഡിഎഫ് അംഗം വിജയമ്മ ജോസഫ് ആരോപിച്ചു.
ഇതംഗീകരിക്കാൻ ഭരണപക്ഷം തയാറാകാതിരുന്നതിനെത്തുടർന്നാണ് യുഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചത്. തുടർന്ന് എട്ടു ഭരണകക്ഷി അംഗങ്ങൾ ചേർന്ന് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ജീവനക്കാരിയുടെ കൈപ്പിഴ മൂലം കംപ്യൂട്ടറിൽനിന്നു ഫണ്ട് ഡിലീറ്റാകുകയായിരുന്നു