ജനവാസ മേഖലയിൽ ഭീമൻ കടന്നൽ കൂട്
1337595
Friday, September 22, 2023 11:01 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെട്ട കുന്തളംപാറ പാറമട റോഡിനും ജ്യോതിസ് ബൈപ്പാസ് റോഡിനും ഇടയിലുള്ള പുരയിടത്തിലെ ചെറിയ പ്ലാവിലെ ഭീമൻ കടന്നൽ കൂട് ഭീഷണിയായി. ആറു മാസത്തോളമായി കടന്നൽ ഇവിടെ കൂട് കൂട്ടിയിട്ട്.
ഈച്ചയെ പേടിച്ച് കൃഷിയിടത്തിൽ ജോലി ചെയ്യാൻപോലും സാധിക്കാറില്ലെന്ന് സ്ഥലമുടമയായ സോണി ജോർജ് പറയുന്നു. കടന്നൽ കൂടിനു ചുറ്റുമായി അതിഥിത്തൊഴിലാളികൾ ഉൾപ്പടെ പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അപകടകാരികളായ കാട്ടുകടന്നലുകളുടെ കുത്തേറ്റാൽ മരണമുൾപ്പെടെ സംഭവിക്കാം. നഗരസഭ, വില്ലേജ് അധികൃതർ ഇടപെട്ട് കടന്നൽ കൂട് നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.