ഇടുക്കി നഴ്സിംഗ് കോളജ് പ്രവേശനം പരിശോധന പൂർത്തിയായി: മന്ത്രി റോഷി
1337594
Friday, September 22, 2023 11:01 PM IST
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പുതിയ നഴ്സിംഗ് കോളജ് ആരംഭിക്കാനുള്ള രണ്ടാം ഘട്ട പരിശോധന പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ.
സംസ്ഥാനത്ത് പുതുതായി അനുവദിച്ചിട്ടുള്ള എട്ട് നഴ്സിംഗ് കോളജുകളിലായി 510 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ജലവിഭവമന്ത്രിയുടെ അഭ്യർഥന പ്രകാരം ഇടുക്കി നഴ്സിംഗ് കോളജിന് 60 സീറ്റുകൾക്ക് അംഗീകാരം നൽകുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
ഇതേത്തുടർന്നാണ് പരിശോനയ്ക്കായി കേരള ആരോഗ്യ സർവകലാശാല, കേരള നഴ്സസ് ആൻഡ് മിഡ്വൈഫറി കൗണ്‍സിൽ എന്നിവർ കോളജിലെത്തിയത്. കോളജിനാവശ്യമായ പഠന ഹാളുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ ക്രമീകരണങ്ങൾ സംഘം വിലയിരുത്തി.
മെഡിക്കൽ കോളജ് ഓഫീസ് കെട്ടിടത്തിനോടു ചേർന്ന് പ്രവർത്തിക്കുന്ന നഴ്സിംഗ് കോളജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമാണം നടത്തുന്നതിനായി 28 ലക്ഷം രൂപ നഴ്സിംഗ് കൗണ്‍സിൽ മുഖേന അനുവദിച്ചിട്ടുണ്ട്. നിർമാണങ്ങൾ ജില്ലാ നിർമിതി കേന്ദ്രം മുഖേന നടന്നുവരികയാണ്.
പരിശോധന പൂർത്തിയാക്കി താമസിയാതെ അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെറിറ്റ് അടിസ്ഥാനത്തിൽ അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ആദ്യവർഷ പ്രവേശനം സാധ്യമാകുമെന്നും മന്ത്രി അറിയിച്ചു.