നഷ്ടപരിഹാരത്തിന് 12.19 കോടിയുടെ രൂപയുടെ എസ്റ്റിമേറ്റ്
1337578
Friday, September 22, 2023 10:44 PM IST
മുട്ടം: നിർദിഷ്ട പെരുമറ്റം-ഇടപ്പള്ളി-തോട്ടുങ്കര ബൈപാസിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനു തയാറാക്കിയ 12.19 കോടിയുടെ എസ്റ്റിമേറ്റ് മന്ത്രി മുഹമ്മദ് റിയാസിനു കൈമാറി.
തൊടുപുഴ ലാൻഡ് അക്യുസിഷൻ തഹസിൽദാർ, കളക്ടർ എന്നിവർ അംഗീകരിച്ച എസ്റ്റിമേറ്റാണ് പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വഴി മന്ത്രിക്ക് കൈമാറിയത്. പെരുമറ്റം കനാലിനു സമീപമുള്ള പഴയ റോഡിൽനിന്നാരംഭിച്ച് എൻജിനിയറിംഗ് കോളജിനു പിന്നിലൂടെ പരപ്പാൻ തോട് കടന്ന് തോട്ടുങ്കര പാലത്തിനു സമീപം എത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
20 മീറ്റർ വീതിയും 2.100 കിലോമീറ്റർ ദൈർഘ്യവുമുള്ള നാലുവരിപ്പാതയിലുള്ള ബൈപാസ് മുട്ടത്തിന്റെ വികസനത്തിന് വൻ മുതൽക്കൂട്ടാകും.
ബൈപാസിനായി 2013-ൽ സ്ഥലം അളന്നു തിരിച്ച് കല്ലിട്ടെങ്കിലും പിന്നീടു വന്ന സർക്കാരുകൾ തുടർനടപടി സ്വീകരിക്കാത്തതിനാൽ ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു. പലയിടങ്ങളിലും സർവേക്കല്ലുകൾ പിഴുതുമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ബൈപാസ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് നാട്ടുകാർ നേരത്തേ നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മുട്ടം ടൗണിൽ സ്ഥാപിക്കുന്നത് ഒഴിവാക്കി നിർദിഷ്ട ബൈപാസിലൂടെ കൊണ്ടുപോകണമെന്ന ആവശ്യം ശക്തമായതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.