ഐടിഐയിലെ മോഷണം: രണ്ടു വിദ്യാർഥികളും ആക്രി വ്യാപാരിയും പിടിയിൽ
1337575
Friday, September 22, 2023 10:44 PM IST
കട്ടപ്പന: കട്ടപ്പന ഐടിഐയിൽനിന്ന് പഠനത്തിനുപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ മോഷ്ടിച്ചു വിറ്റ കേസിൽ രണ്ടു വിദ്യാർഥികളും ആക്രി വ്യാപാരിയും അറസ്റ്റിലായി. കഴിഞ്ഞ ഓണാവധിക്കാണ് മോഷണം നടന്നത്. മോഷ്ടിച്ച വസ്തുക്കൾക്ക് ഏകദേശം ഏഴര ലക്ഷം രൂപ വില വരും.
മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു മോഷണം. ഐടിഐ വിദ്യാർഥികളായ കൊച്ചുകാമാക്ഷി എംകെപടി പ്ലാന്തറയ്ക്കൽ ആദിത്യൻ (22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ (19), ആക്രി വ്യാപാരി ഇരട്ടയാർ പാറക്കോണത്ത് രാജേന്ദ്രൻ (59) എന്നിവരാണ് പ്രതികൾ. കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
മൂന്ന് എച്ച്പിയുടെ നാല് ത്രീ ഫേസ് മോട്ടോറുകൾ, 77 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് മെഷിന്റെ അഞ്ചു ചക്കുകൾ ഉൾപ്പെടെ പതിനൊന്ന് യന്ത്രസാമഗ്രികളാണ് ആദിത്യനും അലനും ചേർന്ന് മോഷ്ടിച്ചത്.
കോളജിലെ വർക്ക് ഷോപ്പിന്റെ ജനാലയുടെ കമ്പി ഇളക്കിയാണ് ഇവർ അകത്തു കയറി യന്ത്രങ്ങൾ മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കാറിൽ ഇരട്ടയാറിലെ ആക്രിക്കടയിലെത്തിച്ച് വിൽക്കുകയായിരുന്നു.
അവധിക്കു ശേഷം കോളജ് തുറന്നപ്പോഴാണ് യന്ത്രസാമഗ്രികൾ കാണാതായത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നു പേരും അറസ്റ്റിലായി. കോളജിൽ ആറ് സെക്യൂരിറ്റിമാർ ഉണ്ടായിരുന്നെങ്കിലും ഇവർ മോഷണം നടന്നത് അറിഞ്ഞിരുന്നില്ല.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെയുമായി നടത്തിയ തെളിവെടുപ്പിൽ പകുതിയിലധികം യന്ത്രഭാഗങ്ങളും ആക്രിക്കടയിൽനിന്നു കണ്ടെത്തി. എന്നാൽ, മോട്ടോറുകൾ ഇനിയും കണ്ടെത്താനായിട്ടില്ല.
മോഷണം മറച്ചുവയ്ക്കാൻഅധികൃതര് ശ്രമിച്ചെന്ന്
കട്ടപ്പന: കട്ടപ്പന ഗവ. ഐടിഐയില്‍നിന്ന് 7.41 ലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ മോഷ്ടിച്ചു വിറ്റ സംഭവം മറച്ചുവയ്ക്കാൻ സ്ഥാപന അധികൃതര്‍ ശ്രമിച്ചതായി എസ്എഫ്ഐ ഏരിയ കമ്മിറ്റി ആരോപിച്ചു.
പ്രതികൾക്കെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എസ്എഫ്ഐ സമരം ആരംഭിക്കുമെന്നും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം. എസ്. ഗൗതം, ഏരിയ പ്രസിഡന്റ് ആല്ബിന് സാബു, വൈസ് പ്രസിഡന്റ് മുഹമ്മദലി സനാവുള്ള എന്നിവര്‍ പറഞ്ഞു.