ബൈപാസ് റോഡിന്റെ സാധ്യത പരിശോധിക്കും: മന്ത്രി റോഷി
1337574
Friday, September 22, 2023 10:44 PM IST
മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മുട്ടം ടൗണ്‍ ഒഴിവാക്കി നിർദിഷ്ട ഇടപ്പള്ളി ബൈപാസിലൂടെ സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബൈപാസിനായി കണ്ടെത്തിയ സ്ഥലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി മുട്ടം ടൗണിലെ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിനെതിരേ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രശ്നപരിഹാരത്തിന് ജനകീയസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ യോഗം ചേരുകയും മന്ത്രി റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, കളക്ടർ എന്നിവർക്ക് പരാതികൾ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
റോഡ് വെട്ടിപ്പൊളിക്കുന്നതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, വാർഡംഗം റെജി ഗോപി, ജനകീയ സമിതിയംഗങ്ങൾ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.