അന്വേഷണത്തിനിടെ മോഷ്ടാവ് രക്ഷപ്പെട്ട കേസ് അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ
1337573
Friday, September 22, 2023 10:44 PM IST
മറയൂർ: അന്വേഷണത്തിനിടെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട സംഭവത്തിൽ മറയൂർ സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്ഐ പി.ജി. അശോക് കുമാർ, എഎസ്ഐ ബോബി എം. തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ്. സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
മറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനൽവേലി കടയം സ്വദേശി ബാലമുരുകൻ (33) ആണ് രക്ഷപ്പെട്ടത്. ബാലമുരുകൻ ഉൾപ്പെടെ നാലു പ്രതികളെയാണ് മറയൂർ പോലീസ് സാഹസികമായി പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മറയൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെ അന്വേഷണത്തിനായി കൊണ്ടുപോയി തിരിച്ചു വരുന്നതിനിടെ മൂത്രമൊഴിക്കാൻ ബാലമുരുകനെ മൂത്രപ്പുരയിൽ എത്തിച്ചപ്പോൾ എസ്ഐ അശോക് കുമാറിനെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു.
തുടർന്നു ചെന്നൈ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ പത്തു ദിവസത്തോളം അന്വേഷണം നടത്തി ബാലമുരുകനെ കൃഷിത്തോട്ടത്തിലെ ഷെഡിൽനിന്ന് പിടികൂടി മറയൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.