കരുണയുടെ കരം നീട്ടി വിദ്യാർഥികൾ; ചലഞ്ച് ഏറ്റെടുത്ത് ഒരു ഗ്രാമം
1337572
Friday, September 22, 2023 10:44 PM IST
കഞ്ഞിക്കുഴി: പൂർവവിദ്യാർഥിനിയുടെ ഭർത്താവിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ബിരിയാണി ചലഞ്ചൊരുക്കിയ സ്കൂൾ വിദ്യാർഥികൾ നെയ്തെടുത്തത് കൂട്ടായമയുടെ ഇഴകൾ.
കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സൗഹൃദ, സ്കൗട്ട് ആൻഡ് ഗൈഡ്, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ജീവകാരുണ്യ മിഷൻ സംഘടിപ്പിച്ചത്. ഇതിനായി അവർ കണ്ടെത്തിയത് ബിരിയാണി ചലഞ്ചും.
ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതിനായി നേരത്തേ ഓർഡർ സ്വീകരിച്ച് ആവശ്യക്കാർക്ക് ബിരിയാണി എത്തിച്ചു നൽകുകയായിരുന്നു.
കഞ്ഞിക്കുഴി ടൗണിലെ വ്യാപാരി-വ്യവസായികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്ക് ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരെല്ലാം കരുണയുടെ കരങ്ങളുമായി ഇറങ്ങിയ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ അതു മനുഷ്യസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും വിജയഗാഥയായി മാറി.
കുട്ടികളുടെ മേൽനോട്ടത്തിൽ സ്കൂളിൽ തയാറാക്കിയ ബിരിയാണിയാണ് പായ്ക്കറ്റുകളാക്കി വിതരണം ചെയ്തത്. പിടിഎ പ്രസിഡന്റ് മനേഷ് കുടിക്കയത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജയൻ കൊച്ചുവീട്ടിലിന് ബിരിയാണി കൈമാറി മിഷൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ രാജി ജോസഫ്, ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ,എൻഎസ്എസ് കോ-ഓർഡിനേറ്റർ കെ.എസ്. നിഖിൽ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം.പ്രദീപ്, എംപിടിഎ പ്രസിഡന്റ് മിനി ജെയിംസ്, പിടിഎ വൈസ് പ്രസിഡന്റ് കലേഷ് രാജു, സൗഹൃദ കോ-ഓർഡിനേറ്റർ ടി.കെ. പ്രകാശ്, കരിയർ കോ-ഓർഡിനേറ്റർ എം.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.