തടിയമ്പാട് ബിവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്
1337571
Friday, September 22, 2023 10:44 PM IST
ചെറുതോണി: തടിയമ്പാട് ബിവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ജീവനക്കാരിൽനിന്നു കണക്കിൽപ്പെടാത്ത 46,850 രൂപ പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിന്റെ അളവിലും വ്യാപക ക്രമക്കേടുകളുള്ളതായും കണ്ടെത്തി. റെയ്ഡിനിടെ ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.
തടിയമ്പാട് ഔട്ട്ലെറ്റിൽ രണ്ടു വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ടു പേരാണുള്ളത്. സ്വകാര്യ മദ്യവില്പനക്കാരിൽനിന്ന് ഇവിടത്തെ മൂന്നു ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെ തെളിവുകളും വിജിലൻസിനു ലഭിച്ചു.
ചില ജീവനക്കാർ സ്വകാര്യ മദ്യക്കച്ചവടക്കാർക്ക് അളവിൽ കൂടുതൽ മദ്യം സ്വന്തം വാഹനങ്ങളിൽ എത്തിച്ചു നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിച്ച വിജിലൻസ് റെയ്ഡ് ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അവസാനിച്ചത്.
തടിയമ്പാട് ബിവറേജസിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദേശാനുസരണമാണ് പരിശോധന നടന്നത്.
വിജിലൻസ് സിഐ അജിത്ത്, എസ്ഐ മുഹമ്മദ്, എഎസ്ഐ ബേസിൽ, സിപിഒമാരായ കൃഷ്ണകുമാർ, സന്ദീപ് എന്നിവരാണ് റെയ്ഡ് നടത്തിയത്.