മഴ കനത്തു, ജില്ലയിലെ ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായി
1337570
Friday, September 22, 2023 10:44 PM IST
തൊടുപുഴ: കാലവർഷം അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലയിൽ മഴ ശക്തമാകുന്നു. ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്കു കാരണം.
കനത്തമഴ ലഭിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചത് ആശ്വാസമായി. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞവർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 49.65 അടി വെള്ളം നിലവിൽ കുറവാണ്. എന്നാൽ, രണ്ടാഴ്ചയ്ക്കിടെ ജലനിരപ്പ് 5.76 അടി ഉയർന്നു.
നിലവിൽ 2336.42 അടിയാണ് ജലനിരപ്പ്. മുൻ വർഷം ഇതേ സമയം 2386.07 അടിയായിരുന്നു ജലനിരപ്പ്. സംസ്ഥാനത്തു തുലാമഴ ശക്തമായെങ്കിൽ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഇനി കാര്യമായി ഉയരാൻ സാധ്യതയുള്ളൂ. ജലനിരപ്പ് താഴ്ന്നുനിൽക്കുന്നതു വൈദ്യുതി ഉത്പാദനത്തെയും കാര്യമായി ബാധിക്കും.
ഇന്നലെ ഇടുക്കി പദ്ധതി പ്രദേശത്ത് 53.06 മില്ലിമീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഇവിടെയാണ്. ജില്ലയിലെ മറ്റു പ്രധാന സംഭരണികളായ കുണ്ടള-99, മാട്ടുപ്പെട്ടി-60, ആനയിറങ്കൽ-35, പൊന്മുടി-61, നേര്യമംഗലം-60, ലോവർ പെരിയാർ-68 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
വേനൽക്കാലം മുൻനിർത്തി ഇടുക്കിയിൽ ഉത്പാദനം പരമാവധി കുറച്ചിരിക്കുകയാണ്. മൂലമറ്റത്ത് ഈ മാസം ഉത്പാദിപ്പിച്ചത് 33.26 മില്യണ് യൂണിറ്റ് വൈദ്യുതി മാത്രമാണ്. ഇതു ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഉത്പാദനമാണിത്.
അതേസമയം സംസ്ഥാനത്ത് മഴ ലഭിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഈ സീസണിൽ മഴ ഏറ്റവും കുറവ് പെയ്ത ജില്ലകളിലൊന്നാണ് ഇടുക്കി. ഓഗസ്റ്റിലെ കടുത്ത ചൂട് ഏലം ഉൾപ്പെടെയുള്ള കൃഷിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, നിലവിൽ ലഭിക്കുന്ന മഴ കൃഷിക്കും ഏറെ ഗുണകരമാണ്.