പാതയോരങ്ങളിലെ മരങ്ങൾ അപകടാവസ്ഥയിൽ
1337035
Wednesday, September 20, 2023 11:08 PM IST
മ്രാല: തൊടുപുഴ-മൂലമറ്റം പാതയില്‍ മ്രാല, മൂന്നാംമൈല്‍ പ്രദേശങ്ങളില്‍ പാതയോരങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
നൂറുകണക്കിനു വാഹനങ്ങള്‍ നിത്യവും കടന്നുപോകുന്ന പാതയോരത്താണ് അപകടക്കെണിയായി മരങ്ങള്‍ നില്‍ക്കുന്നത്.
പാതയുടെ ഇരു വശങ്ങളിലുമായി പത്തോളം മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ചെറിയ തോതില്‍ കാറ്റടിച്ചാല്‍ പോലും ഒടിഞ്ഞു വീഴുന്ന ദുര്‍ബലമായ വാക മരങ്ങളാണ് കൂടുതലും.
കഴിഞ്ഞ ദിവസം മ്രാലക്ക് സമീപം പാതയോരത്ത് നിന്നിരുന്ന വലിയ മരം ചുവടോടെ വീടിന്റെ മുകളിലേക്ക് മറിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
കരിങ്കുന്നം പഞ്ചായത്തിന്റെ പരിധിയിലായതിനാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.