നിരത്ത് കീഴടക്കി തെരുവുനായ്ക്കൾ
1336799
Tuesday, September 19, 2023 11:21 PM IST
തൊടുപുഴ: ജില്ലയിൽ തെരുവുനായശല്യം നിയന്ത്രണാധീതമായി തുടരുന്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം. നായ്ക്കളുടെ വംശനിയന്ത്രണത്തിനായി സർക്കാർ പ്രഖ്യാപിച്ച എബിസി സെന്റർപോലും ഇതുവരെ ജില്ലയിൽ ആരംഭിക്കാനായിട്ടില്ല. ഓരോ ദിവസവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. തൊടുപുഴ നഗരം ഉൾപ്പെടെ പല പട്ടണങ്ങളിലും നായ്ക്കൾ കൂട്ടമായി അലഞ്ഞുതിരിയുകയാണ്. ഇവയെ പിടികൂടി വന്ധ്യംകരണം നടത്തി വംശവർധന തടയാനുള്ള പദ്ധതിയാണ് പ്രാരംഭ നടപടി പോലുമാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഈ വർഷം കടിയേറ്റവർ 4409
ജില്ലയിൽ ദിനംപ്രതി അഞ്ഞൂറോളം പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുവെന്നാണ് കണക്ക്. ഈ മാസം ഇതുവരെ 292 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞമാസം 453 പേർക്ക് നായ്ക്കളുടെ കടിയേറ്റു. ഈ വർഷം ആകെ 4409 പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്.
നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്കു പരിക്കേൽക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. കടിയേൽക്കുന്നവർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള സംവിധാനം ജില്ലയിലില്ല. കൂടുതൽ പേരും കോട്ടയം മെഡിക്കൽ കോളജിനെയാണ് പ്രതിരോധ കുത്തിവയ്പെടുക്കാനായി ആശ്രയിക്കുന്നത്. അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.
എബിസി സെന്റർ ഇപ്പോഴും
കടലാസിൽ
നായ്ക്കളുടെ നിയന്ത്രണത്തിനായി സംസ്ഥാനത്ത് മറ്റു ജില്ലകളിൽ എബിസി സെന്ററുകൾ ആരംഭിച്ചെങ്കിലും ഇടുക്കിയിൽ ഇപ്പോഴും ഇത് ആരംഭിക്കാനായിട്ടില്ല. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ ഒരു സെന്റർ എന്ന കണക്കിൽ നാല് സെന്ററുകൾ ജില്ലയിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രദേശവാസികളുടെ എതിർപ്പു മൂലം ഇവയൊന്നും നടപ്പാക്കാനാകാതെ തുടർനടപടികൾ പ്രതിസന്ധിയിലായി.
തുടർന്ന് ജില്ലാ ആസ്ഥാനത്ത് എബിസി സെന്റർ സ്ഥാപിക്കുന്നതിനു ജില്ലാ പഞ്ചായത്ത് മൂന്നുമാസം മുൻപ് തീരുമാനമെടുത്തെങ്കിലും ഇതിന്റെ പ്രാരംഭ നടപടികൾ പോലും പൂർത്തിയായിട്ടില്ല. കുയിലിമലയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലമാണ് സെന്റർ സ്ഥാപിക്കുന്നതിനായി വിട്ടു നൽകിയത്. ജില്ലയുടെ പല ഭാഗത്തുനിന്നും തെരുവുനായ്ക്കളെ പിടികൂടി എബിസി സെന്ററിൽ എത്തിച്ച് വന്ധ്യംകരിച്ചു പരിപാലിക്കുകയാണ് ലക്ഷ്യം.
പദ്ധതിച്ചെലവ് മൂന്നു കോടി
എല്ലാ സുരക്ഷിത സൗകര്യവുമുള്ള എബിസി സെന്റർ നിർമിക്കുന്നതിന് മൂന്നു കോടി രൂപയാണ് ചെലവു വരുന്നത്. നേരത്തേ ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും ഇത് നിർമാണത്തിന് തികയില്ല. അതിനാൽ നിർദേശം അംഗീകാരത്തിനായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നും ഉടൻ പാസാകുമെന്നാണു കരുതുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പറഞ്ഞു.
അനുമതി ലഭ്യമായാൽ അപ്പോൾത്തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണു തീരുമാനം. ഇതിനിടെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തതിനാൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.