നിയന്ത്രണംവിട്ട കാർ രണ്ടു കാറുകളിൽ കൂട്ടിയിടിച്ചു
1301745
Sunday, June 11, 2023 3:14 AM IST
തൊടുപുഴ: നിയന്ത്രണംവിട്ട് പാഞ്ഞ കാർ എതിർദിശയിൽനിന്നു വന്ന മറ്റു രണ്ട് കാറുകളിൽ ഇടിച്ച് അപകടം. മൂന്നു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ മാടപ്പറന്പിൽ റിസോർട്ടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. തൊടുപുഴ ദിശയിലേക്കു വന്ന വെങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച കാർ എതിർ ദിശയിൽനിന്നു വന്ന കുളമാവ് സ്വദേശികളായ ദന്പതികൾ സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് മുന്നോട്ട് പാഞ്ഞ കാർ കാഞ്ഞിരപ്പള്ളി സ്വദേശിയായ അങ്കമാലി ടെൽക്കിലെ ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
വാഹനങ്ങളിൽ കുടുങ്ങിയവരെ സമീപവാസികളും അതുവഴി വന്ന യാത്രക്കാരും ചേർന്നാണ് പുറത്തിറക്കിയത്. വാഹനങ്ങളുടെ എയർ ബാഗ് പ്രവർത്തന ക്ഷമമായതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് അപകടസ്ഥലത്തെത്തിയവർ പറഞ്ഞു. അപകടത്തത്തുടർന്ന് ഏതാനും സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു.
സംഭവമറിഞ്ഞ് തൊടുപുഴ ട്രാഫിക് സബ് ഇൻസ്പെക്ടർ ശശി ഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ റോഡിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.