ജില്ലാ പിഎസ്സി ഓഫീസ് കെട്ടിടത്തിന് ഏഴരക്കോടിയുടെ ഭരണാനുമതി
1301735
Sunday, June 11, 2023 3:10 AM IST
കട്ടപ്പന : ജില്ലയിലെ പിഎസ്സി ഓഫീസ് ആസ്ഥാനത്തിന് കെട്ടിടം നിർമിക്കാൻ ഏഴരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഉദ്യോഗാർഥികളുടെകൂടി സൗകര്യം കണക്കിലെടുത്തു ബഹുനിലമന്ദിരമാണ് നിർമിക്കുന്നത്.
നിലവിൽ പരിമിതികൾ ഒട്ടേറെയുള്ള ആസ്ഥാനത്തിനു പുതിയ കെട്ടിടം നിർമിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിരന്തര ഇടപെടലുകളാണ് നടത്തിയത്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് പൊതുഭരണവിഭാഗത്തിന്റെ ഭരണാനുമതി ലഭിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
200 പേർക്ക് ഒരേ സമയം പരീക്ഷ നടത്താവുന്ന ആധുനിക നിലവാരത്തിലുള്ള ഓൺലൈൻ പരീക്ഷാ ഹാൾ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് പുതിയ കെട്ടിടം. നാല് നിലകളിൽലായി ഗസ്റ്റ് റൂം, ഇൻറർവ്യൂ ഹാൾ, റിക്രൂട്ട്മെൻറ് വിംഗ്, സർവ്വീസ് വെരിഫിക്കേഷൻ വിംഗ്, എക്സാം സെക്ഷൻ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ കെട്ടിടത്തിൽ ഉണ്ടാകും.