രാമക്കൽമേട് സുൽത്താൻ വിടവാങ്ങി; ഒട്ടകസവാരി വീണ്ടും നിലച്ചു
1301096
Thursday, June 8, 2023 10:55 PM IST
നെടുങ്കണ്ടം: ജില്ലയിലെ ഏക ഒട്ടകസവാരിയായിരുന്ന രാമക്കൽമേട് ഒട്ടകസവാരി വീണ്ടും നിലച്ചു. രാമക്കൽമേട് എത്തുന്ന സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായ സുൽത്താൻ എന്ന ഒട്ടകം ഇന്നലെ ചത്തതോടെയാണ് സവാരി നിലച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് ഒട്ടകത്തിന്റെ മരണകാരണമെന്നാണ് സൂചന.
മുമ്പ് കയർ കുരുങ്ങി കുഴിയിലേക്ക് പതിച്ച് മറ്റൊരു ഒട്ടകവും ഇവിടെ ചത്തിരുന്നു. ഇതോടെ ഒട്ടകസവാരി ആസ്വദിക്കാൻ എത്തുന്നവരും നിരാശയിലായി. സന്യാസിയോട സ്വദേശികളായ മൂന്നു ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽനിന്നു ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്. ഇടുക്കിയിൽ ആന, കുതിരസവാരികൾ സാധാരണയാണെങ്കിലും ഒട്ടകസവാരി ആദ്യമായിരുന്നു. ഇതിനാൽ രാമക്കൽമേട് എത്തുന്ന സഞ്ചാരികൾക്ക് കൗതുകവും ആഹ്ളാദവും ഉൾപ്പെടുന്ന സമ്മിശ്രവികാരമാണ് ഒട്ടകസവാരി സമ്മാനിച്ചിരുന്നത്.
ഇതേസമയം, തുടർച്ചയായി ഒട്ടകങ്ങൾ ഇവിടെ ചത്തൊടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി. ഒട്ടകത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ അടക്കം നടത്താതെയാണ് മറവ് ചെയ്തതെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെയോ ഡിടിപിസിയുടെയോ അനുമതി ഇല്ലാതെയാണ് ഇവിടെ അനധികൃത സവാരി നടത്തിയതെന്നും ആക്ഷേപം ഉണ്ട്.