ആദ്യ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
1301080
Thursday, June 8, 2023 10:51 PM IST
ഇടുക്കി: ജില്ലയിൽ അനർട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ ഇന്നു പ്രവർത്തനമാരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ഡിടിപിസി പാർക്കിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ വൈദ്യുത വാഹനനയത്തിന്റെ ഭാഗമായി അനർട്ടും ഇഇഎസ്എലും ചേർന്നാണ് ജില്ലയിലെ ആദ്യത്തെ പൊതു വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാത്രകൾക്ക് ആവശ്യമായ ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ അനിവാര്യത മനസിലാക്കിയാണ് അനർട്ടിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ, കെടിഡിസി ഹോട്ടലുകൾ, സർക്കാർ വകുപ്പുകൾ എന്നിവരുമായി യോജിച്ച് ദേശീയപാതകൾ, സംസ്ഥാനപാതകൾ എന്നിവിടങ്ങളിൽ ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സഥാപിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനർട്ട് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇടുക്കിയിൽ കാർ ചാർജിംഗിനുള്ള സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്.
ജില്ലാ വികസനസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം പ്രഭ തങ്കച്ചൻ, അനർട്ട് ജില്ലാ എൻജിനിയർ നിതിൻ തോമസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, മൂലമറ്റം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജേഷ് ബാബു, വാഴത്തോപ്പ് കെ എസ്ഇബി അസി. എൻജിനിയർ പ്രിൻസ് വർഗീസ് എന്നിവർ പങ്കെടുക്കും.