കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യമുള്ള ഡി ലെവൽ ആംബുലൻസ് പ്രവർത്തിക്കുന്നില്ല
1300862
Wednesday, June 7, 2023 10:57 PM IST
കട്ടപ്പന: ഇടുക്കിയിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ ചർച്ചാ വിഷയമാകുമ്പോഴും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യമുള്ള ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ നടപടിയായില്ല. 24 മണിക്കൂറും സേവനം ഉറപ്പ് നൽകിയ ആംബുലൻസാണ് ഷെഡ്ഡിൽ കിടക്കുന്നത്. തുടക്കസമയം മുതലുണ്ടായിരുന്ന ആംബുലൻസിലെ നഴ്സ് ജോലി ഉപേക്ഷിച്ച് പോയതോടെ പ്രവർത്തനം അവതാളത്തിലാകുകയായിരുന്നു.
താത്കാലികമായി നഴ്സിനെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ആശുപത്രി അധികൃതർ ഇക്കാര്യം പരിഗണിച്ചില്ല. 2022ൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയതാണ് ആംബുലൻസ്. ഏഴുലക്ഷം രൂപയോളം വിലവരുന്ന വെന്റിലേറ്റർ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ വാഹനത്തിലുണ്ട്.
വാഹനം ഓടാതായതോടെ മുൻ ടയറുകളുടെ ഡിസ്കുകൾ തകരാറിലായി. ഇടയ്ക്ക് ചാർജ് ചെയ്യുന്നുണ്ടെങ്കിലും അകത്തുള്ള വെന്റിലേറ്റർ, ഓക്സിജൻ കോൺസൺട്രേറ്റർ, ഇൻക്യുബേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കേടുപാടുകൾ സംഭവിക്കാതെയിരിക്കണമെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രവർത്തിപ്പിക്കണമെന്നുണ്ട്. എന്നാൽ, ഇതൊന്നും കൃത്യമായി നടക്കാറില്ല.
സ്വകാര്യ ആംബുലൻസുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കൾ ഉൾപ്പടെയുള്ള രോഗികളെ കൊണ്ടുപോകുന്നതിനായിട്ടാണ് ഡി ലെവൽ ആംബുലൻസ് ആശുപത്രിക്ക് അനുവദിച്ചത്. അതേസമയം നഴ്സിനെ നിയമിക്കാനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ലിസ്റ്റ് ലഭിച്ചാലുടൻ ഇന്റർവ്യൂ നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.