ഭൂഉടമയെ ഭീഷണിപ്പെടുത്തിയ വില്ലേജ് അസിസ്റ്റന്റിനെ സ്ഥലംമാറ്റി
1300356
Monday, June 5, 2023 10:55 PM IST
ഇടുക്കി: കാന്തല്ലൂർ വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്തിന് ഓണ്‍ലൈനായി കരമടയ്ക്കാൻ തടസം നേരിട്ടപ്പോൾ പരാതി പരിഹരിച്ചില്ലെങ്കിൽ വിജിലൻസിൽ പരാതി നൽകുമെന്നു പറഞ്ഞ ഭൂഉടമയെ ഭീഷണിപ്പെടുത്തിയ കാന്തല്ലൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിനെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ സ്ഥലം മാറ്റി. കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് ദേവികുളം തഹസിൽദാർക്ക് അന്വേഷണച്ചുമതല നൽകിയതിനേത്തുടർന്നാണ് തഹസിൽദാർ ഇടപെട്ടത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതായി റവന്യു വകുപ്പ് കമ്മീഷനെ അറിയിച്ചു.
2022-23 വർഷത്തെ ഭൂനികുതിയാണ് കമ്മീഷന്റെ ഇടപെടലിലൂടെ അടയ്ക്കാൻ കഴിഞ്ഞത്.
തിരുവനന്തപുരം കാഞ്ഞിരംപാറ ശ്രീഭവനിൽ ശ്രീജിത്തിന്റെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. കാന്തല്ലൂർ വില്ലേജ് ഓഫീസറെ പലവട്ടം കണ്ടെങ്കിലും ഫീൽഡ് അസിസ്റ്റന്റിനെ കാണാനാണ് അദ്ദേഹം നിർദേശിച്ചതെന്ന് പരാതിയിൽ പറയുന്നു.
പരാതിയുമായി പോയാൽ ജീവിതകാലം മുഴുവൻ ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.