ഉളുപ്പൂണിയിൽ റോഡിനായുള്ള സമരം അഞ്ചാം ദിവസത്തിലേക്ക്
1300110
Sunday, June 4, 2023 11:11 PM IST
ഉപ്പുതറ: വാഗമൺ ചോറ്റുപാറ-ഉളുപ്പൂണി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉളുപ്പൂണിയിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം നാലു ദിവസം പിന്നിട്ടു.
വാഗമൺ ചോറ്റുപാറ-ഉളുപ്പുണി റോഡ് തകർന്ന് ഗതാഗയോഗ്യമല്ലാതായിട്ടു വർഷങ്ങൾ കഴിഞ്ഞു. അതിദുഷ്കരമായ യാത്രാക്ലേശമാണ് നാട്ടുകാർ അനുഭവിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെയോ ഗർഭിണികളെയോ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ വലിയ പ്രയാസമാണ് നേരിടുന്നത് . റോഡിന്റെ ദുർഘടാവസ്ഥ മൂലം മേഖലയിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യവുമുണ്ട്.
റോഡ് നവീകരണം ആവശ്യപ്പെട്ട് ഇതിനോടകം നിരവധി സമരങ്ങൾ നടന്നിരുന്നു. ഇതിനു ശേഷമാണ് വാഴൂർ സോമൻ എംഎൽഎ റോഡിനായി 50 ലക്ഷം രൂപ അനുവദിച്ചത് . ഇതിന്റെ നിർമാണ പ്രവർത്തനം തുടങ്ങിയെങ്കിലും ഈ തുകയ്ക്ക് റോഡ് നവീകരണം പൂർത്തിയാകില്ലെന്നും പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകില്ലെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നാലു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉളുപ്പൂണിയിൽ സമരപ്പന്തൽ കെട്ടിയാണ് സമരം നടക്കുന്നത്. സമരത്തിൽ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം പങ്കെടുക്കുന്നുണ്ട് .
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സമര പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം തുടങ്ങി നാലു ദിവസം കഴിഞ്ഞിട്ടും അധികൃതർ സമരത്തെ അവഗണിക്കുകയാണെന്നു പരാതിയുണ്ട്.
സമരത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ അടക്കം കുറച്ചു സമയം തടഞ്ഞും പ്രതിഷേധിക്കുന്നുണ്ട്.