സാമൂഹ്യവിരുദ്ധർ ഷെഡുകൾ കത്തിച്ചതായി പരാതി
1300107
Sunday, June 4, 2023 11:04 PM IST
വണ്ടിപ്പെരിയാർ: സത്രം ശബരിമല പുതുവലിൽ സാമൂഹ്യവിരുദ്ധർ ഷെഡുകൾ കത്തിച്ചതായി പരാതി. ശനിയാഴ്ച രാത്രി ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
വണ്ടിപ്പെരിയാർ സ്വദേശികളായ വിമല, ജസ്റ്റിൻ, മണികണ്ഠൻ, ലത എന്നിവരുടെ ഷെഡുകളാണ് കത്തിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഈ സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. കൈവശ ഭൂമിയായ രണ്ടേക്കർ സ്ഥലമാണ് ഇവർക്കുള്ളത്. തൊട്ടടുത്ത സ്ഥലമുടമ ഈ സ്ഥലം കൈവശപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് തർക്കം ഉണ്ടായിരുന്നതായി പറയുന്നു.
വണ്ടിപ്പെരിയാർ പോലീസ് ഇടപെട്ട് ഇവരുടെ സ്ഥലത്തേക്ക് മറ്റുള്ളവർ കയറുന്നതു വിലക്കിയിരുന്നു. ഷെഡുകളിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിപ്പിച്ചു. സ്ഥലത്തിന്റെ കൈവശരേഖയും സ്വർണാഭരണങ്ങളും പണവും ഷെഡിൽനിന്ന് നഷ്ടപ്പെട്ടതായും പറയുന്നു. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു.