ഇടുക്കിയിൽ മിഴിതുറന്ന് 38 കാമറകൾ
1300105
Sunday, June 4, 2023 11:04 PM IST
തൊടുപുഴ: റോഡിലെ ഗതാഗത നിയമലംഘനം പിടികൂടാനുള്ള നിർമിതബുദ്ധി കാമറകൾ ഇന്നു മിഴി തുറക്കുന്പോൾ ഇടുക്കി ജില്ലയും കാമറവലയത്തിൽ. രാത്രിയും പകലും ഇനി പ്രധാന പാതകൾ കാമറ നിരീക്ഷണത്തിലായിരിക്കും.
ജില്ലയിൽ 38 കാമറകളാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലും പാതകളിലുമായി സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴ മേഖലയിൽ മാത്രം 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നു 12ഓടെ എല്ലാ കാമറകളിൽനിന്നും ചിത്രങ്ങളെടുത്തു തുടങ്ങുമെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ. നസീർ പറഞ്ഞു.
24 മണിക്കൂറും
നിയമലംഘനങ്ങൾ കാമറക്കണ്ണുകളിൽ പതിഞ്ഞാൽ ഉടൻതന്നെ വാഹനത്തിന്റെ നന്പർ സഹിതമുള്ള വിവരങ്ങൾ തിരുവനവന്തപുരത്തെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ട്രോളിംഗ് യൂണിറ്റിൽ ലഭിക്കുംവിധമാണ് സംവിധാനം.
ഇവിടെനിന്നു വാഹനയുടമയുടെ വിവരം ജില്ലയിലെ എൻഫോഴ്സ്മെന്റ് യൂണിറ്റിനു കൈമാറും. ഇവിടെനിന്നുമാണ് വാഹനയുടമയ്ക്കു പിഴയടയ്ക്കാനുള്ള നോട്ടീസുകൾ അയയ്ക്കുക.
ഇടുക്കിയിൽ തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഓഫീസിലാണ് പദ്ധതിയുടെ കണ്ട്രോൾ റൂം. ഇവിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ കെൽട്രോണ് ജീവനക്കാരും സദാ സേവനത്തിനുണ്ടാകും.
രാത്രിയിലും
രാത്രിയിലും മിഴിവാർന്ന ചിത്രങ്ങൾ ലഭിക്കാൻ തക്ക ആധുനിക കാമറാ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോണ് ഉപയോഗം, അനധികൃത പാർക്കിംഗ്, ചുവപ്പു സിഗ്നൽ ലംഘനം എന്നിവയ്ക്കാണ് പ്രധാനമായും പിഴ ഈടാക്കുക.
സീബ്രലൈനുകൾ ലംഘിക്കുക, വളവുകളിലെ ഓവർടേക്കിംഗ് എന്നിവയ്ക്കും പിഴ ലഭിക്കും. തിരക്കേറിയ റോഡുകളിലും ജംഗ്ഷനുകളിലും നിയമലംഘനം നടത്തുന്നവരെ തടഞ്ഞു നിർത്തി പിഴയീടാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ചത്.
കാമറകൾ സജ്ജമായെങ്കിലും പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും പതിവു പരിശോധനകളും തുടരും.
കാമറയ്ക്കു മുന്നിൽ
സമരവുമായി കോണ്ഗ്രസ്
തൊടുപുഴ: കാമറകൾ ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് ആരോപിച്ചു വിവിധ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എഐ കാമറകൾക്കു മുന്നിൽ ഇന്നു സമരം നടത്തും.
തൊടുപുഴ മേഖലയിൽ കാമറ സ്ഥാപിച്ചിരിക്കുന്ന 13 ഇടങ്ങളിലാണ് വൈകുന്നേരം നാലിനു പ്രതിഷേധ സമരം.
തൊടുപുഴ മുനിസിപ്പൽ പാർക്കിനു മുന്നിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു സമരം ഉദ്ഘാടനംചെയ്യും. നേതാക്കളായ എസ്.അശോകൻ, ജോയ് തോമസ്, റോയ് കെ. പൗലോസ്, സി.പി.കൃഷ്ണൻ, പി.എസ്. ചന്ദ്രശേഖര പിള്ള, ജോണ് നെടിയപാല, ഇന്ദു സുധാകരൻ, വി.ഇ. താജുദീൻ, ചാർളി ആന്റണി, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ് എന്നിവർ മറ്റിടങ്ങളിൽ സമരം ഉദ്ഘാടനംചെയ്യും.