ഇ-മുറ്റം ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു
1300102
Sunday, June 4, 2023 11:04 PM IST
തൊടുപുഴ: കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ജില്ലയിൽ വാഴത്തോപ്പ് പഞ്ചായത്തിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചത്. പരിശീലനം ലഭിച്ച വോളണ്ടിയർമാരാണ് പഞ്ചായത്തിലെ 14 വാർഡുകളും കേന്ദ്രീകരിച്ച് പഠിതാക്കളെ കണ്ടെത്താനുള്ള സർവേക്കു നേതൃത്വം നല്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയും കൈറ്റും ചേർന്ന് സംസ്ഥാനത്ത് പതിനാലു പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കന്പ്യൂട്ടർ ഇന്റർനെറ്റ്, സ്മാർട്ട് ഫോണ് മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പഠിതാക്കൾക്ക് കുറഞ്ഞത് 10 മണിക്കൂർ ക്ലാസുകൾ നല്കും. പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ.
സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകൾ മനസിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കുമെന്ന് അധികൃതർ പറഞ്ഞു.