കൂവപ്പള്ളി മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശം
1299852
Sunday, June 4, 2023 6:42 AM IST
കാഞ്ഞാർ: കൂവപ്പള്ളി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. വ്യാപകമായ തോതിൽ കൃഷിനാശം സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് ഏറെനേരം ഗതാഗതതടസം ഉണ്ടായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഗതാഗതതടസം നീക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയും ഉണ്ടായത്.
കൂവപ്പള്ളി ചക്കിക്കാവ് റൂട്ടിൽ പുത്തൻപുരയിൽ ഐസക്ക് സാമുവലിന്റെ വീടിനു സമീപം റോഡിന്റെ മുകൾഭാഗത്തുനിന്ന് ഉരുണ്ടു വന്ന വലിയപാറ റോഡിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടാവസ്ഥയിൽ നിൽക്കുകയാണ്.
പാറ അപകടാവസ്ഥയിലായതിനാൽ റോഡിന്റെ താഴ്ഭാഗത്തുള്ള വീടുകളിലെ കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
റോഡിനു മുകൾഭാഗത്ത് വലിയ പാറക്കൂട്ടങ്ങൾ മണ്ണിൽനിന്ന് നിരങ്ങിമാറി താഴേക്ക് പതിക്കുന്ന നിലയിലാണെന്നു നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ റവന്യു അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അവരുടെ നിർദേശപ്രകാരം ഒരു വീട്ടിൽനിന്ന് ആളുകളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ ചക്കിക്കാവ് പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ ഞാറുമണ്ണാറാത്ത് ബേബിയുടെ വീടിന്റെ ഭിത്തി വിണ്ടുകീറി. വയറിംഗുകളും കത്തി നശിച്ചു. ബേബിയുടെ ഭാര്യ ജാൻസിക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ജില്ലാ കളക്ടർ ഷീബ ജോർജ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.