അധികൃതരുടെ അവഗണനയിൽ യാത്രാമാർഗമടഞ്ഞ് 50 കുടുംബങ്ങൾ
1299846
Sunday, June 4, 2023 6:42 AM IST
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ 18ാം വാർഡിൽ ഗതാഗത സൗകര്യമില്ലാതെ 50 കുടുംബങ്ങൾ വലയുന്നു. കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിലുള്ള മൺറോഡാണ് ആകെയുള്ളത്. അധികൃതരുടെ അവഗണന കാരണമാണ് ഉൾപ്രദേശമായ ഉപ്പുതറ പശുപ്പാറപുതുവൽ പത്താം നമ്പർ മേഖലയിലെ ജനങ്ങൾ പതിറ്റാണ്ടുകളായി ഈ ദുരിതമനുഭവിക്കുന്നത്.
റോഡെന്ന അടിസ്ഥാന അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. പഞ്ചായത്ത് അംഗവും പഞ്ചായത്ത് ഭരണ സമിതിയും കടുത്ത നീതി നിഷേധമാണ് കാണിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. തോട്ടം മേഖലയിലൂടെ കടന്നുപോകുന്നതും അധികൃതർ പാടേ അവഗണിക്കുന്നതുമായ പാത പല ഘട്ടങ്ങളിലായി പ്രദേശ വാസികൾ പണം സമാഹരിച്ച് കോൺക്രീറ്റ് ചെയ്തെങ്കിലും അധികൃതർ അനുഭാവ നിലപാടു സ്വീകരിച്ചിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.