കല്ലാർ സ്കൂളിൽ ഇനി കാലാവസ്ഥയും നിരീക്ഷിക്കും
1299518
Friday, June 2, 2023 11:17 PM IST
നെടുങ്കണ്ടം: കല്ലാർ സ്കൂളിൽ ഇനി കാലാവസ്ഥയും നിരീക്ഷിക്കും. കേരള സർക്കാരിന്റെ എസ്എസ്കെയുടെ സഹായത്തോടെയാണ് കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആരംഭിച്ചത് . പ്രവേശനോത്സവ ദിനമായ ഇന്നലെ നിരീക്ഷണകേന്ദ്രം എം.എം. മണി എംഎൽഎ സ്കൂളിനു സമർപ്പിച്ചു.
സ്കൂളിലെ ഹയർ സെക്കൻഡറി ജോഗ്രഫി ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണത്തിലാണ് ഉടുമ്പൻചോല താലൂക്കിനനുവദിച്ച ഈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി സ്കൂളിൽ പ്രത്യേകം സ്ഥലം വേർതിരിച്ച് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.
ദൈനംദിന കാലാവസ്ഥാ വ്യതിയാനങ്ങൾ രേഖപ്പെടുത്തി കേരള സ്റ്റേറ്റ് വെതർ സ്റ്റേഷന്റെ ഒഫീഷൽ ലിങ്കിൽ അപ് ലോഡ് ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥാ റിപ്പോർട്ട് ലഭ്യമാകുകയും ചെയ്യും.
അധ്യാപിക പി. ജയശ്രീയുടെ നേതൃത്വത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുക.