റേഷൻ വാങ്ങാൻ എത്തിയവർ വെറുംകൈയോടെ മടങ്ങി
1299472
Friday, June 2, 2023 10:54 PM IST
തൊടുപുഴ: റേഷൻ വിതരണം വീണ്ടും പൂർണമായി മുടങ്ങിയതോടെ വാങ്ങാനെത്തിയവർ വെറും കൈയോടെ മടങ്ങി. റേഷൻവ്യാപാരികൾക്കു കേന്ദ്രം നൽകുന്ന കമ്മീഷൻ നേരിട്ട് ലഭിക്കാനായി പുതിയ ബില്ലിംഗ് സന്പ്രദായം ഏർപ്പെടുത്തിയതോടെയാണ് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടത്.
ഇ-പോസ് മെഷീൻ പണിമുടക്കുന്നതു മൂലം റേഷൻ വിതരണം കുറെക്കാലമായി താറുമാറാകുന്ന നിലയിലായിരുന്നു. അത് അല്പം നേരേയായി വന്ന സമയത്താണ് പുതിയ ബില്ലിംഗ് സന്പ്രദായം കൊണ്ടുവന്നത്. ഇതിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്ന പരിപാടി ആരംഭിച്ചതോടെ ഇ-പോസ് മെഷീൻ വീണ്ടും പ്രശ്നത്തിലാവുകയായിരുന്നു. ഇന്നലെ മുതൽ റേഷൻ വിതരണം പൂർണമായും നിർത്തിവയ്ക്കേണ്ടിവന്നു.
വ്യാപാരികൾക്കും അറിയില്ല
കേന്ദ്രം നൽകുന്ന ഭക്ഷ്യസാധനങ്ങളുടെ കമ്മീഷൻ തുക ഇനി മുതൽ റേഷൻ കടയുമകൾക്കു നേരിട്ട് ലഭിക്കാനുള്ള സംവിധാനമാണ് തയാറാക്കുന്നത്. ഇതിനായി ഇ-പോസ് മെഷീനുകളുടെ സോഫ്റ്റ്വെയറിൽ പുതിയ ഡേറ്റ അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതേത്തുടർന്നാണ് ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായത്. ഇതോടെ ഇ-പോസ് മെഷീൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്കു ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയായി. റേഷൻകടയുടമകൾക്ക് ഒരു വിധത്തിലുള്ള അറിയിപ്പും നൽകാതെയാണ് പുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ നടക്കുന്നത്. അതിനാൽ കാരണമറിയാതെ കടയുടമകൾ ഉപഭോക്താക്കൾക്കു മുന്നിൽ കൈമലർത്തേണ്ട അവസ്ഥയായി. ഇതോടെ സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം തടസപ്പെട്ടിരിക്കുന്നു എന്ന ബോർഡ് സ്ഥാപിച്ചു കടയുടമകൾ സ്ഥാപനം അടച്ചിടുകയായിരുന്നു.
എന്നു ശരിയാകും?
നേരത്തെ റേഷൻകടയുടമകൾക്കുള്ള കേന്ദ്രവിഹിതവും സംസ്ഥാന സർക്കാർ വഴിയാണ് നൽകിവന്നിരുന്നത്. എന്നാൽ, കേന്ദ്രം നൽകുന്ന വിഹിതവും കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഏപ്രിൽ, മേയ് മാസത്തെ കമ്മീഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നു റേഷൻ റീട്ടെയ്ൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.എം. റെജി പറഞ്ഞു. കമ്മീഷൻ എന്നു നൽകുമെന്ന കാര്യത്തിൽ വിശദീകരണം നൽകാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
ഉപഭോക്താവിന്റെ പൂർണ വിവരങ്ങളടങ്ങിയ ഇ-പോസ് മെഷീൻ പണിമുടക്കുന്നതു മൂലം അടിക്കടി റേഷൻ വിതരണം മുടങ്ങുന്നത് നിത്യസംഭവമായതിനാൽ സാധാരണക്കാർക്കു പുറമേ വ്യാപാരികളും ബുദ്ധിമുട്ടു നേരിടുന്നുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളിൽ ജില്ലകൾ തിരിച്ച് രാവിലെയും വൈകുന്നേരവുമായി റേഷൻകടകൾ തുറക്കുന്നത് നിജപ്പെടുത്തിയിരുന്നു. ഇതിനു ശേഷം റേഷൻകടകൾ മുൻപത്തെപോലെതന്നെ പ്രവർത്തനമാരംഭിച്ചപ്പോഴാണ് സാങ്കേതിക തകരാർ മൂലം വീണ്ടും റേഷൻ വിതരണം മുടങ്ങിയത്. തകരാർ പരിഹരിച്ച് എപ്പോൾ റേഷൻ വിതരണം സാധാരണഗതിയിലാകുമെന്ന കാര്യത്തിൽ അധികൃതർക്കു കൃത്യമായി ഉത്തരം നൽകാനും കഴിയുന്നില്ല.