ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം അനാവശ്യമെന്ന്
1298328
Monday, May 29, 2023 10:02 PM IST
അടിമാലി: അധ്യയനവർഷത്തിൽ 220 പ്രവൃത്തിദിനം തികയ്ക്കാനെന്ന തരത്തിൽ 28 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കം ഹയർ സെക്കൻഡറി മേഖലയിൽ അനാവശ്യമാണെന്ന് എച്ച്എസ്എസ്ടിഎ ജില്ലാ കമ്മിറ്റി.
ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയപ്പോൾ ശനിയാഴ്ചയിലെ പ്രവൃത്തി സമയംകൂടി മറ്റു ദിവസങ്ങളിൽ ക്രമീകരിക്കുകയായിരുന്നു. ഇതനുസരിച്ച് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം 4.45 വരെയാണ് അധ്യയന സമയം. ഇടവേളകൾ ഒഴിവാക്കിയാൽതന്നെ ദിവസേന ആറര മണിക്കൂറിലേറെ അധ്യയന സമയം കുട്ടികൾക്ക് നിലവിൽ ലഭിക്കുന്നുണ്ട്.
ഇതനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന തരത്തിൽ അധ്യയന വർഷത്തിൽ ആയിരം മണിക്കൂർ തികയ്ക്കാൻ 160ൽ താഴെ ദിവസം മാത്രം മതിയെന്നിരിക്കെ 180 മുതൽ 200 വരെ അധ്യയന ദിവസങ്ങൾ ഇപ്പോൾതന്നെ ലഭ്യമാവുന്നുണ്ട്.
ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തിൽനിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ്്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ തോമസ് ഉദ്ഘാടനം ചെയ്തു. എം. അഭിലാഷ്, കെ.ടി. അജേഷ്, ഡോ. ശേഖർ, എസ്. സുനിൽ, ടി.സി. രാജൻ എന്നിവർ പ്രസംഗിച്ചു.